NewsTrendingVatakara

വടകരയില്‍ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്


വടകര: കാലങ്ങളായി നിലനില്‍ക്കുന്ന കരിമ്പനത്തോട്ടിലെ മാലിന്യ പ്രശ്‌നം വടകരയില്‍ രാഷ്ട്രീയ പോര്‍വിളിക്കും സംഘര്‍ഷത്തിനും ഇടയാക്കി. നാരായണനഗറില്‍ എംആര്‍എ ഹോട്ടലിനു മുന്നില്‍ ഡിവൈഎഫ്‌ഐയുടെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും അടിപിടിയും നടന്നു. സംഭവത്തില്‍ ഇരുഭാഗത്തേയും പത്തോളം പേര്‍ക്കു പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കരിമ്പനത്തോടിലെ മാലിന്യപ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മാലിന്യം ഒഴുക്കിവിട്ടുവെന്ന് ആരോപിച്ച് എംആര്‍എ ഹോട്ടല്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ രാവിലെ പൂട്ടിക്കുകയുണ്ടായി. ഇതിനെതിരെ വൈകുന്നേരം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കല്ലേറും അക്രമവും അരങ്ങേറിയത്.
തങ്ങളുടെ പ്രതിഷേധ പ്രകടനത്തിനെതിരെ ഒരു സംഘമാളുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് യൂത്ത്‌ലീഗ് കുറ്റപ്പെടുത്തി. യുത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്ക് പറ്റി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് ബക്കര്‍, അജ്‌നാസ്, ആസിഫ്.വി, ബിലാല്‍ വള്ളിക്കാട് എന്നിവരെ സീയം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എംആര്‍എ എന്ന വ്യാപാര സ്ഥാപനം പുട്ടിക്കാനുളള ഗുഡാലോചനക്കെതിരെയാണ് പ്രകടനം നടത്തിയതെന്നും ഹോട്ടലിന് മുന്നില്‍ സംസാരിച്ചു കൊണ്ടിക്കുമ്പോള്‍ ഒരുകൂട്ടമാളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജനീഷ് കെ ടി (32), സുമനന്‍(40), അജയ് ശശിധരന്‍ (26) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ സഹകരണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കരിമ്പനത്തോട്ടില്‍ മാലിന്യം ഒഴുക്കിവിട്ട എംആര്‍എ ഹോട്ടല്‍ അടപ്പിച്ചതിനെതിരെ പ്രകടനം വിളിച്ച നൂറ് ഓളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിനു മുമ്പിലെ ഡിവൈഎഫ്‌ഐയുടെ സമരപ്പന്തല്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയുമാണ് ചെയ്തതെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ പാറക്കല്‍ അബ്ദുള്ള എംഎല്‍എ സന്ദര്‍ശിച്ചു..

Show More

Related Articles

Back to top button
error: Content is protected !!