NewsThalassery

കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മ തന്നെയാണ് കൊല നടത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ശരണ്യയും പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തില്‍ ചേര്‍ന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.
തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹം ഇന്നലെയാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പോലീസ് ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു.
സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങള്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങള്‍ ശേഖരിച്ചത്.
കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം.
രാത്രി ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കമഴ്ന്നു കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് പ്രണവിന്റെ വീട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!