NewsTrendingVatakara

വീട്ടമ്മയെ വെട്ടി സ്വര്‍ണം കവര്‍ന്ന സംഭവം: ബന്ധുവായ സ്ത്രീ പിടിയിലായത് നാട്ടുകാരെ ഞെട്ടിച്ചു


വടകര: വില്യാപ്പള്ളിക്കടുത്തു കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിനിടയില്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി പിടിയിലായത് നാട്ടുകാരെ ഞെട്ടിച്ചു. പല കഥകള്‍ പ്രചരിക്കുന്നതനിടയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധു പിടിയിലാവുന്നത്.
കാര്‍ഗില്‍ ബസ് സ്റ്റോപ്പിനു സമീപം പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടി പരിക്കേല്‍പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളിയിലെ പട്ടര്‍കണ്ടി സമീറയെ (40) എടച്ചേരി സിഐ പി.സുഭാഷ് പിടികൂടിയത്. സമീറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമം, കവര്‍ച്ച തുടങ്ങിയവയാണ് കേസ്.
ഇന്നലെ ഉച്ചക്കാണ് ഏവരേയും നടുക്കിയ സംഭവം. ജുമുഅ നിസ്‌കാര സമയത്ത് അലീമയെ വെട്ടിപരിക്കേല്‍പിച്ച് ആഭരണവുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് പ്രതി സ്ഥലംവിട്ടത്. എന്നാല്‍ ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പോലീസിനോടും പറഞ്ഞതോടെയാണ് ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായത്. സ്വര്‍ണം കടയില്‍ വിറ്റ് വടകരയില്‍ നിന്നു തിരികെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു വരുമ്പോഴാണ് പ്രതി പിടിയിലായത്. മാത്രമല്ല മണംപിടിച്ച പോലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്.
വീടുമായി അത്രയേറെ ബന്ധമുള്ള ആളാണ് സമീറ. ഇവര്‍ ഇങ്ങനെയൊരു കൃത്യം ചെയ്യുമെന്ന് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ജമുഅക്ക് പുരുഷന്മാര്‍ പള്ളിയില്‍ പോകുന്നതിനാല്‍ കണക്കു കൂട്ടി തന്നെയായിരുന്നു സമീറ എത്തിയത്. വീട്ടിനകത്ത് നിന്ന് സ്വര്‍ണം കവരുന്നത് അലീമ കണ്ടപ്പോള്‍ പിടിവലിയുണ്ടാവുകയും വെട്ടി പരിക്കേല്‍പിക്കുകയുമായിരുന്നു. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. തലക്ക് അടിക്കുകയും കഴുത്തിനു വെട്ടേല്‍ക്കുകയും ചെയ്തു. മൂന്നു മണിയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെയാണ് കാണുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. വടകര ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സക്കു ശേഷം അലീമയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്കു വിധേയയാക്കി.
ഇതേ സമയം തന്നെ വീട്ടില്‍ നിന്നു കവര്‍ന്ന സ്വര്‍ണാഭരണങ്ങളുമായി സമീറ വില്‍പന നടത്താന്‍ പോവുകയായിരുന്നു. ഇത് വിറ്റ് കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് പോലീസ് പിടികൂടുന്നത്. സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ എടച്ചേരി പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ മനസിലാക്കിയിരുന്നു. ഇവരുടെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലും ഭര്‍ത്താവിന്റെ മൂരാട്ടെ വീട്ടിലും പോലീസ് പെട്ടെന്നെത്തി. വടകര ടൗണില്‍ നിന്ന് ആറു മണിയോടെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ സമീറ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
അലീമ രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ കഥകളും പ്രചാരണങ്ങളും വേറെ വഴിക്കു നീങ്ങിയേനെ. ഭാഗ്യംകൊണ്ടു കൂടിയാണ് കാര്യങ്ങള്‍ക്ക് എളുപ്പം അവസാനമുണ്ടായത്. ഇത് വലിയ ആശ്വാസമാണ് നാടിനു പകരുന്നത്. സംഭവമറിഞ്ഞ് റൂറല്‍ എസ്പി. എ.ശ്രീനിവാസ്, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!