Education

ബാബുവിനു വിദ്യാര്‍ഥികളുടെ കൈത്താങ്ങ്‌


വടകര: കാര്‍ത്തികപ്പള്ളി ലക്ഷം വീട് കോളനിക്കു സമീപം തയ്യുള്ളതില്‍ ബാബുവിനു താങ്ങും കരുത്തും പകരാന്‍ വൈക്കിലശേരി യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. ബാബു നിര്‍മിക്കുന്ന പേപ്പര്‍ പേനകള്‍ ഈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാങ്ങുകയാണ്. ഈ കുട്ടികളുടെ സഹായം ബാബുവിനു വലിയ കരുത്ത് പകരുന്നതായി.
ഞരമ്പുകള്‍ക്ക് ബലക്ഷയം (ന്യൂറോ പോളിയോ) ബാധിച്ച ബാബുവിനു നടക്കാനോ അധിക സമയം ഇരിക്കാനോ സാധിക്കില്ല. ഏറെ വിഷമിച്ച് വീട്ടില്‍ത്തന്നെ കഴിയുന്ന ബാബുവിന് ഓര്‍ക്കാട്ടേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സെക്കന്ററി പാലിയേറ്റീവ് ടീമാണ് പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. ഒരു പ്രാവശ്യത്തെ പരിശീലനം കൊണ്ട് തന്നെ അത് ഹൃദിസ്ഥമാക്കി ഭംഗിയുള്ള പേനകള്‍ ബാബു നിര്‍മിച്ചു തുടങ്ങുകയായിരുന്നു.
വിവിധ വര്‍ണക്കടലാസുകള്‍ ശേഖരിച്ച് ആകര്‍ഷകമായ പേപ്പര്‍ പേനകള്‍ നിര്‍മിക്കുകയാണ് ബാബു. വേദനയും ക്ഷീണവും ഒഴിയുന്ന അല്‍പ നിമിഷങ്ങളിലാണ് ബാബു കടലാസു പേനകള്‍ നിര്‍മിക്കുന്നത്. വിപണിയില്‍ ലഭിക്കുന്ന പേനകളെ വെല്ലുന്നവയാണ് ഇവ. ഈ പേനകള്‍ വാങ്ങുന്നതില്‍ കുട്ടികള്‍ക്ക് അതിയായ താല്‍പര്യമുണ്ട്. പ്ലാസ്റ്റിക് പേനകള്‍ ഉപേക്ഷിച്ച് ഇവ വാങ്ങുന്നതോടൊപ്പം പാവപ്പെട്ട കിടപ്പു രോഗിക്ക് തുണയേകുകയാണ് വിദ്യാര്‍ഥികള്‍. ഇതിലൂടെ ചെറിയ വരുമാനം ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്.
എല്ലാ വിദ്യാലയങ്ങളും ഈ മാതൃക സ്വീകരിച്ചാല്‍ പാവപ്പെട്ട കിടപ്പു രോഗികള്‍ക്ക് ഏറെ സഹായകരമാവുമെന്ന് പാലിയേറ്റീവ് ടീം ഓര്‍മിപ്പിക്കുന്നു. നിരവധി സകൂളുകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സമീപിച്ച് വരികയാണിവര്‍. വൈക്കിലശേരി യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാബുവില്‍ നിന്നു കടലാസു പേനകള്‍ സകൂള്‍ ലീഡര്‍ ജി.കാര്‍ത്തിക് ഏറ്റുവാങ്ങി. ഓര്‍ക്കാട്ടേരി സിഎച്ച്‌സി ഫിസിയോ തെറാപ്പിസ്റ്റ് ജിംന റിതേഷ് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് നേഴ്‌സ് എന്‍.കെ.നാസി, പ്രസാദ് വിലങ്ങില്‍, രാധാമണി, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!