EducationNewsTrending

മേമുണ്ടക്ക് ദൃശ്യവിരുന്നൊരുക്കി മെഗാ തിരുവാതിര

വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ വജ്രജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ മെഗാതിരുവാതിര അവിസ്മരണീയമായി. നൂറുകണക്കിന് വിദ്യാര്‍ഥിനികളും അമ്മമാരും അധ്യാപികമാരും ചേര്‍ന്നൊരുക്കിയ തിരുവാതിര കാഴ്ചക്കാരില്‍ വിസ്മയം ചൊരിഞ്ഞു. അഞ്ഞൂറോളം വനിതകളാണ് കാഴ്ചയുടെ ഈ പൂരത്തില്‍ അണിചേര്‍ന്നത്.
സ്‌കൂളിലെ വിശാലമായ മൈതാനത്ത് പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ അരങ്ങേറിയപ്പോള്‍ ഇതിലെ ദൃശ്യപ്പൊലിമ ശരിക്കും ഹൃദ്യമായി. നാട്ടുകാരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങിയ ആസ്വാദകര്‍ ആവേശത്തോടെ പരിപാടി സ്വീകരിച്ചു.
വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടം അടുത്തുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ സമാപനത്തിന്റെ ഭാഗമായി നേരത്തെ കായികോത്സവം, സര്‍ഗോത്സവം എന്നിവ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ സന്ദേശം വിളിച്ചോതിയാണ് മെഗാ തിരുവാതിര നടത്തിയത്. മാനേജര്‍ പി.രാജന്‍, പി.ടി.എ പ്രസിഡന്റ് സി.വത്സകുമാര്‍, പ്രിന്‍സിപ്പാള്‍ പി. കെ.കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ പി.ശശികുമാര്‍, സുനില എന്നിവര്‍ നേതൃത്വം നല്‍കി

Show More

Related Articles

Back to top button
error: Content is protected !!