TourismTrending

ടൂറിസം വികസന കുതിപ്പിനു പെരുവണ്ണാമൂഴി

പേരാമ്പ്ര : മലബാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പെരുവണ്ണാമൂഴിയില്‍ വികസനത്തിന്റെ പുതു വെളിച്ചവുമായി അധികൃതര്‍. സമഗ്രമായ വികസന കുതിപ്പിനു ഒരുങ്ങുകയാണ് സര്‍ക്കാരും ടൂറിസം വകുപ്പും. ഇതിലൂടെ പെരുവണ്ണാമൂഴിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്.
സ്ഥലം മോടിപിടിപ്പിക്കാനാണ് ആദ്യനീക്കം. പെരുവണ്ണാമൂഴിയെ സുന്ദരമാക്കാന്‍ മൂന്ന് കോടിയുടെ പദ്ധതിയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഭരണാനുമതി ലഭിച്ച പദ്ധതി 18 മാസത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൊച്ചിയിലെ പിഎന്‍പിയാണു രൂപകല്‍പ്പന. പെരുവണ്ണാമൂഴിയിലെ ഡാമും പരിസരവും ഭംഗി കൂട്ടാനായി പത്ത് പുതിയ പദ്ധതികളാണ് നടപ്പാക്കുക. കുട്ടികള്‍ക്കായി മനോഹരമായ പാര്‍ക്ക് ഒരുക്കും. കൈവരിയോടെയുള്ള നടപ്പാതയുമുണ്ടാകും.
പുതിയ കവാടവും സ്ഥാപിക്കും. ടിക്കറ്റ് കൗണ്ടര്‍ നവീകരിക്കും. കാന്റീന്‍ സ്ഥാപിക്കും. പുതിയ ട്രാഫിക് സംവിധാനം നടപ്പാക്കും. കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാവും. പ്രകൃതി ദൃശ്യങ്ങളൊരുക്കുന്നതിനൊപ്പം വൈദ്യുതീകരണവും നടത്തും. ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങും. പെരുവണ്ണാമൂഴിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ കൂടാതെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കും. കാര്‍ പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലമില്ലാത്തതാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നത്. എന്നാല്‍ പാര്‍ക്കിംഗ് സെന്റര്‍ തുടങ്ങുന്നതോടെ ഇതിനും പരിഹാരമാകും.

Show More

Related Articles

Back to top button
error: Content is protected !!