Education

കാര്‍ത്തികപ്പള്ളി നോര്‍ത്ത് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു


വടകര: കാര്‍ത്തികപ്പള്ളി പ്രദേശത്തെ അനേകം തലമുറകള്‍ക്ക് അറിവുപകര്‍ന്ന കാര്‍ത്തികപ്പള്ളി നോര്‍ത്ത് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു. മാര്‍ച്ചില്‍ തുടങ്ങുന്ന ആഘോഷപരിപാടികള്‍ ഒരുവര്‍ഷം നീളും.
കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ നിന്നു വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ തുടക്കംമുതല്‍ വിദ്യ അഭ്യസിച്ചു. കുടിപ്പള്ളിക്കൂടത്തില്‍നിന്ന് മികച്ച ഭൗതികസാഹചര്യമുള്ള സ്ഥാപനമായി ഉയരാന്‍ സ്ഥലസൗകര്യം ചെയ്തുകൊടുത്തത് തീയ്യപ്പാടി കുഞ്ഞബ്ദുള്ള ഹാജിയായിരുന്നു. സ്‌കൂളിന്റെ മുഖഛായ മാറ്റിയതാകട്ടെ മുന്‍മാനേജര്‍ പി.കെ. ബാലകൃഷ്ണക്കുറുപ്പും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദിരാശി പ്രവിശ്യയില്‍ തുടങ്ങിയ കുടിപ്പള്ളിക്കൂടങ്ങളില്‍ ഒന്നായിരുന്നു ഇത്. 1920 അവസാനമായിരുന്നു തുടക്കം. കുട്ടിപ്പണിക്കരാശാന്‍ സ്വന്തം ഒത്താശയില്‍ തുടങ്ങിയ എഴുത്തുപള്ളി ഈ പ്രദേശത്തിന്റെ വിജ്ഞാന കേന്ദ്രമായി അറിയപ്പെട്ടു. ഇന്ന്  തോടന്നൂര്‍
ഉപ ജില്ലയിലെ മികച്ച ലോവര്‍ പ്രൈമറി വിദ്യാലയങ്ങളില്‍
ഒന്നാണ് കാര്‍ത്തികപ്പള്ളി നോര്‍ത്ത് എല്‍പി. ശക്തമായ പി.ടി.എ.യും സ്‌കൂളിനെ മികവിലേക്ക് നയിക്കാന്‍ ജനകീയ ഇടപെടലുമുണ്ട്. പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്ത യോഗത്തിലാണ് ശതാബ്ദി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ആഘോഷപരിപാടികള്‍ മാര്‍ച്ച് 28-ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. നാണു എംഎല്‍എ
അധ്യക്ഷത വഹിക്കും. നാടകക്യാമ്പ്, പരിസ്ഥിതി ശില്പശാല, യാത്രകള്‍, ബോധവത്കരണക്ലാസുകള്‍, കലാ-കായിക-വിനോദ മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര, വിദ്യാഭ്യാസ സെമിനാര്‍, യാത്രയയപ്പ് സമ്മേളനം, സാംസ്‌കാരിക സദസ്, സുവനീര്‍ പ്രകാശനം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കലാവിരുന്ന് തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് അംഗം സി.ടി.കുമാരന്‍ ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കെ.ശശികുമാര്‍ ജനറല്‍കണ്‍വീനറുമായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. കാര്‍ത്തികപ്പള്ളിയുടെ സാംസ്‌കാരികോത്സവമായി ശതാബ്ദി ആഘോഷം മാറ്റാനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍.

Show More

Related Articles

Back to top button
error: Content is protected !!