NewsTrending

താപനില ഉയരുന്നു; ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവിറക്കി. പകല്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു ഉത്തരവ്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കു ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും.
സൂര്യാഘാത സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു ക്രമീകരണം. സമുദ്രനിരപ്പില്‍നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണത്തിന്റെ തീയതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ റീജനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എന്നിവര്‍ ലേബര്‍ കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണ് തൊഴില്‍ സമയ പുനഃക്രമീകരണം

Show More

Related Articles

Back to top button
error: Content is protected !!