NewsVatakara

ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ദുരിതത്തിന് അറുതിയില്ല


വടകര: തൊട്ടില്‍പാലം റൂട്ടില്‍ മൂന്നാം ദിവസമായ ഇന്നും ബസില്ല. ശനിയാഴ്ച തുടങ്ങിയ ബസ് തൊഴിലാളി പണിമുടക്ക് മൂന്നാം ദിവസവും തുടരുകയാണ്. ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല.
സമരം പിന്‍വലിക്കാന്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. മുന്‍ കാലങ്ങളില്‍ യൂനിയന്‍ നേതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്നു സമരം പിന്‍വലിച്ച അവസരത്തിലൊക്കെ തുടര്‍നടപടി ഉണ്ടായില്ലെന്ന പരാതി തൊഴിലാളികള്‍ക്കുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.
എന്നാല്‍ പഴയപോലെയുള്ള അക്രമ സംഭവമല്ല ഇപ്പോഴുണ്ടായതെന്നാണ് യൂനിയന്‍ നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
കൈനാട്ടിയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കു പരിക്കേറ്റതു പോലെ ഓട്ടോഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ഓട്ടോയുടെ ഗ്ലാസ് തകരുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കേസ് എടുക്കേണ്ട ബാധ്യത പോലീസിനുണ്ട്. ഇതിന്റെ പേരിലൊരു സമരം ശരിയായില്ലെന്ന നിലപാടാണ് ഇവര്‍ക്ക്. സമാന്തര സര്‍വീസിനെ പിന്തുണക്കുന്ന നിലപാടാണ് ഇതെന്നാണ് ഇതിനെ ചോദ്യം ചെയ്യുന്നവര്‍ പറയുന്നത്. വടകര മേഖലയില്‍ നിര്‍ബാധം തുടരുന്ന സമാന്തര സര്‍വീസ് ബസ് വ്യവസായത്തിനു ഭീഷണിയാണെന്ന് എത്രയോ കാലമായി പറയുന്നതാണ്. ഇക്കാര്യത്തില്‍ ബസുടമസ്ഥ സംഘം പ്രതിഷേധമാര്‍ഗത്തിലാണ്. ഇതിനിടയിലാണ് കൈനാട്ടിയില്‍ ബസിനു മുന്നില്‍ ഓട്ടോയിലേക്ക് ആളെ വിളിച്ചുകയറ്റിയ സംഭവവും വാക്കേറ്റവും അക്രമവുമുണ്ടായത്. ഇക്കാര്യത്തില്‍ ബസുടമകളില്‍ പലരും തൊഴിലാളി പക്ഷത്താണ്. പക്ഷേ തുടര്‍ച്ചയായ സമരം വേണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.
മൂന്നാം ദിവസത്തെ സമരം കിഴക്കന്‍ മേഖലയെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. ജനജീവിതം താളം തെറ്റി. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ ദുരിതത്തിലാണ്. അമിത ചാര്‍ജ് കൊടുത്ത് ജീപ്പുകളില്‍ യാത്ര ചെയ്യേണ്ട സ്ഥിതി.

Show More

Related Articles

Back to top button
error: Content is protected !!