Art&LiteratureTrending

പാഴ് കുപ്പികളില്‍ വിരിയുന്നത് വര്‍ണവിസ്മയം


ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: ഉപയോഗം കഴിഞ്ഞ് നാം വലിച്ചെറിയുന്ന കുപ്പികളില്‍ വര്‍ണവിസ്മയം തീര്‍ക്കുകയാണ് വളയം സ്വദേശി ഇടിക്കുന്നുമ്മല്‍ സുജിത്ത് കുമാര്‍. ചിത്രം വരയിലും വിവിധ വസ്തുക്കളില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നതിലും ഏറെ കമ്പമുണ്ടായിരുന്ന സുജിത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ പിതാവ് നല്‍കിയ പ്രോത്സാഹനമാണ് സുജിത്തിന്റെ കലാ ജീവതത്തില്‍ വഴിത്തിരിവായത്. വിദ്യാലയങ്ങളില്‍ നിന്ന് അധ്യാപകരുടെ ശിക്ഷണം കൂടിയായതോടെ സുജിത്തിലെ കലാകാരന്‍ ചിത്രകലയെപറ്റി ഏറെ പഠിച്ചു. കെജിസി ഫൈന്‍ ആര്‍ട്സ് പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വരകളും ശില്പ നിര്‍മാണവുമായി ഏറെ വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. ഇതിനിടെ വളയത്ത് ചിത്രകലാ വിദ്യാലയവും ആരംഭിച്ചു. ജീവിത
പ്രാരാബ്ദങ്ങള്‍ ഏറിയതോടെ പ്രവാസ ലോകത്തേക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കുപ്പികളില്‍ ചിത്രങ്ങള്‍ പതിക്കുക എന്ന പരീക്ഷണം തുടങ്ങിയത്. ഇതിനായി വിവിധ തരം കുപ്പികള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. വിവിധ മദ്യക്കുപ്പികള്‍ ഉള്‍പെടെയുള്ളവ ശേഖരിച്ച ശേഷം കഴുകി വൃത്തിയാക്കി ഉണക്കും. പിന്നീട് ഇവയില്‍ അക്രിലിക് കളര്‍, കോഫി പൗഡര്‍, കളിമണ്ണ്, പേപ്പര്‍, തുണി, പോളിമര്‍ ക്ലേ തുടങ്ങിയവ ഉപയോഗിച്ച് മനോഹര ചിത്രങ്ങളും രൂപങ്ങളും പതിക്കും. ഇതിനായി പ്രത്യേകം നിര്‍മ്മിച്ച വളരെ നേര്‍ത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. കളിമണ്ണും മറ്റും ഉണങ്ങിക്കിട്ടാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ ഒരു കലാ സൃഷ്ടി പൂര്‍ത്തിയാകാന്‍ ഏറെ ദിവസങ്ങള്‍ തന്നെ വേണ്ടി വരും. കുപ്പികളില്‍ ഇത്തരത്തില്‍ രാഷട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, ലോകനേതാക്കള്‍, സിനിമാ താരങ്ങള്‍, ക്രി്സ്മസ് അപ്പൂപ്പന്‍ തുടങ്ങി അഞ്ഞൂറില്‍പ്പരം ആളുകളുടെ ചിത്രങ്ങള്‍ ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. ഓരോ ചിത്രങ്ങളും ഉണ്ടാക്കാന്‍ ഇരുനൂറ്റമ്പത് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെ ചിലവ് വരുന്നുണ്ടെന്ന് സുജിത്ത് കുമാര്‍ പറഞ്ഞു. ഇത്വരെയുള്ള കലാ സൃഷ്ടികള്‍ ചേര്‍ത്തു വെച്ച് പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് സുജിത്ത്കുമാര്‍.

Show More

Related Articles

Back to top button
error: Content is protected !!