NewsTrendingVatakara

വടകരയിലെ ഷാഹിന്‍ബാഗ് സമരത്തെരുവ് ജനകീയമാകുന്നു


വടകര: മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ഭേദഗതി പിന്‍വലിക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ് ഡല്‍ഹി ഷാഹിന്‍ ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി വടകരയില്‍ ആരംഭിച്ച ഷഹീന്‍ ബാഗ് ഒരാഴ്ച പിന്നിടുമ്പോള്‍ ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാവുന്നു.
എട്ടാം ദിവസം കെ.മുരളീധരന്‍ എം.പി സമരത്തെ അഭിവാദ്യം ചെയ്തു. രാജ്യത്തെ പൗരന്മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങളെ മതേതര കക്ഷികള്‍ ഒറ്റെക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അവസാനം വരെ കൂടെയുണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി. പി.പി.നസീമ കാഞ്ഞങ്ങാട്, മുഹമ്മദ് പേരാമ്പ്ര, താജുദീന്‍ വടകര, ഹംസ് ലാല്‍ പൊന്നാത്ത്, ഫാത്തിമതഹ്ലിയ, ഡോ: മുഹമ്മദ് ഷാ, പി.ഷാക്കിര്‍, ഡോ. പി.നസീര്‍, അഡ്വ ഐ. മൂസ, സി.കെ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് നിത്യവും സമരപന്തലിലെത്തുന്നത്. പാട്ടുപാടിയും ചിത്രം വരച്ചും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും ആസാദി മുദ്രാവാക്യം മുഴക്കിയും വടകരയിലെ ജനം സമരത്തെ ഏറ്റെടുത്തിരിക്കുകയാണ്.
ഏഴാം ദിവസത്തെ സമരത്തെ ആര്‍എംപിഐ നേതാവ് കെ.കെ.രമ, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഫൗസിയ ആരിഫ്, കെ.സതി കണ്ണന്‍, റംഷീദ കുറ്റ്യാടി, സമീറ, സഹല ജാഫര്‍, പി.സഫിയ എന്നിവര്‍ അഭിവാദ്യം ചെയ്തു. കാലത്ത് പത്തുമുതല്‍ അഞ്ചുമണിവരെ വനിതകളും അഞ്ചു മണിക്കുശേഷം രാത്രി പത്തു വരെ പുരുഷന്‍മാരുമാണ് സമരം നയിക്കുന്നത്. വൈകുന്നേരം നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍,എല്‍ജെഡി ജില്ലാ കമ്മിറ്റിയംഗം വിനോദ് ചെറിയത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു. മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥ് നയിക്കുന്ന കാസര്‍ഗോഡില്‍ നിന്ന് ആരംഭിച്ച കേരള ജനകീയ കൂട്ടായ്മയുടെ ലോംഗ് മാര്‍ച്ച് സമര പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് എം.കെ. പ്രേംനാഥ്, മനോജ്.ടി സാരംഗ്, അഡ്വ: ജിജ ജെയിംസ് മാത്യു എന്നിവര്‍ സംസാരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!