NewsTrendingVatakara

നാട് കൈകോര്‍ത്തു; നടക്കുതാഴ എന്‍സി കനാലിനു പുതുജീവന്‍

വടകര: നഗരസഭയിലെ അപൂര്‍വ ജല സമ്പത്തായ എന്‍സി കനാലിന് പുതു ജീവനേകി കര്‍ഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കനാല്‍ ശുചീകരണത്തിന് ഗംഭീര തുടക്കം. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരു ചരടില്‍ കോര്‍ത്ത് രംഗത്തിറക്കുകയായിരുന്നു. ഏഴുന്നൂറിലേറെ പേര്‍ ഈ സംരംഭത്തില്‍ പങ്കാളികളായി.
വില്ല്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയല്‍ മുതല്‍ കുറുമ്പയില്‍, പുത്തൂര്‍, നഗരസഭ ശ്മശാനം വഴി കുട്ടൂലിപ്പാലത്തിലൂടെ ചോറോട് പഞ്ചായത്ത് വരെ നീണ്ടു കിടക്കുന്ന അഞ്ചു കി.മീ ദൂരമുള്ള അതിവിശാലമായ കനാലാണ് ബഹുജന കൂട്ടായ്മയിലൂടെ ശുചീകരിച്ചത്. ചളിയും കാടും പുല്‍ പടര്‍പ്പും മുള്‍ച്ചെടികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ കനാല്‍ ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഈ കനാലിന്റെ ഇരു വശങ്ങളിലും 100 ഏക്കറോളം നിലം തരിശ് ഭൂമിയാണ്. കനാല്‍ ഉപയോഗയോഗ്യമായാല്‍ എല്ലാതരം കൃഷിക്കും വലിയ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കര്‍ഷകസംഘം മുന്‍കൈ എടുത്ത് ശുചീകരണത്തിലൂടെ കനാല്‍ വീണ്ടെടുക്കാന്‍ തീരുമാനിച്ചത്.
കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടി, വടകര നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍, കര്‍ഷക സംഘം ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.പി.ദാമോദരന്‍, ഏരിയാ പ്രസിഡന്റ് ആര്‍.ബാലറാം, എരിയാ സെക്രട്ടറി എം.നാരായണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്നിഹിതരായി. ഹരിത കേരള മിഷന്റെ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ ഭാഗമായിട്ട് കൂടിയാണ് കര്‍ഷക സംഘം ഏരിയാ കമ്മിറ്റി വടകര നഗരസഭയുടെ കൂടി സഹകരണത്തോടെ കനാല്‍ ശുചീകരണ പരിപാടി തയാറാക്കിയത്. വിവിധ സ്ഥലങ്ങളെ 13 റീച്ചുകളായി തിരിച്ചു കൊണ്ടായിരുന്നു ശുചീകരണം. സ്വാഗത സംഘം ഭാരവാഹികളായ പി.വത്സലന്‍, ദിനേശന്‍ വെള്ളാറുളളി, ധനേശന്‍ എന്നിവര്‍ വിവിധ റീച്ചുകളില്‍ നേതൃത്വം നല്‍കി.
ഇതൊരു തുടക്കം മാത്രമാണെന്നും കനാല്‍ പൂര്‍ണമായും വീണ്ടെടുത്ത് ജലസമൃദ്ധി സംരക്ഷിക്കുന്നതോടൊപ്പം പരിസരങ്ങളില്‍ വ്യാപകമായ തോതില്‍ കൃഷിയിറക്കുന്നതില്‍ ശ്രദ്ധയും തുടര്‍ പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നും കര്‍ഷകസംഘം ഏരിയാ നേതാക്കള്‍ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!