NewsVatakara

യുവാവിന്റെ ജീവനു തുണയായി; ചോമ്പാലിലെ പോലീസുദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം


വടകര: സ്‌റ്റേഷന്റെ പരിമിതിക്കിടയിലും യുവാവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ചോമ്പാല പോലീസിന് നാട്ടുകാരുടെ അഭിനന്ദനം. രാത്രിയായാല്‍ രണ്ടോ മൂന്നോ പേര്‍ മാത്രം ഡ്യൂട്ടിയിലുണ്ടാവുന്ന ചോമ്പാല സ്റ്റേഷനിലെ എഎസ്‌ഐ മനോജും സിവില്‍ പോലീസ് ഓഫീസര്‍ സുജിലും ട്രെയിനില്‍ നിന്നു വീണു സാരമായി പരിക്കേറ്റ യുവാവിന് അടിയന്തര സഹായം ലഭ്യമാക്കാന്‍ രംഗത്തിറങ്ങിയത് ആശ്വാസമായി. യുവാവിനെ കണ്ടെത്താനും ആശുപത്രിയില്‍ എത്തിക്കാനും ഈ പോലീസുദ്യോഗസ്ഥര്‍ കാണിച്ച ഇടപെടല്‍ അഭിനന്ദനം പിടിച്ചുപറ്റി.
ഓടുന്ന ട്രെയിനില്‍ നിന്ന് ഒരാള്‍ വീണിട്ടുണ്ട് എന്ന് വിവരം കിട്ടിയ ഉടന്‍ തന്നെ പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തുകയുണ്ടായി. അനുരാഗ് എന്ന വിദ്യാര്‍ഥിയെ പരിക്കുകളോടെ പാസഞ്ചര്‍ ട്രെയിനില്‍ മാഹി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അടിയന്തര സഹായം വേണ്ട ചെറുപ്പക്കാരനെ ഉടന്‍ തന്നെ വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ ഈ പോലീസുകാര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. പൊതുവെ സമീപത്തെ ആശുപത്രിയില്‍ രോഗിയെ എത്തിച്ച് മടങ്ങുന്ന പതിവിനു വിപരീതമായാണ് പോലീസുകാര്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു കൂടെ പോയത്.
മാഹി ആശുപത്രി അധികൃതര്‍ അറിയിച്ച ഉടനെ ആംബുലന്‍സ് ഏര്‍പ്പാടാക്കി പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുതിച്ചു. സമയത്തിനു തന്നെ എത്താന്‍ സാധിച്ചതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കിയതോടെയാണ് അപകടനില തരണം ചെയ്തത്. ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തി ഏറെ കഴിഞ്ഞാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ക്ക് കണ്ണൂരില്‍ നിന്ന് എത്താന്‍ സാധിച്ചത്.’ ബന്ധുക്കള്‍ ആരും സ്ഥലത്ത് ഇല്ലാതിരുന്നിട്ടും വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ എഎസ്‌ഐ മനോജനും സിപിഒ സുജിലും കാണിച്ച അര്‍പ്പണ ബോധത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദിച്ചു.

Show More

Related Articles

Back to top button
error: Content is protected !!