NewsTrendingVatakara

കൂടത്തായി കൊലപാതക പരമ്പര: അഞ്ചാം കുറ്റപത്രം സമര്‍പിച്ചു


ആര്‍.വിജയന്‍
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രം ഇന്നു താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചു. മുഖ്യപ്രതി ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസ് കൊലക്കേസിലെ കുറ്റപത്രമാണ് സമര്‍പിച്ചതെന്ന് അന്വേഷണ സംഘത്തലവന്‍ കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജോളി ഉള്‍പ്പെടെ മൂന്ന് പേരാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. 1069 പേജുകളുണ്ട്. 175 സാക്ഷികളും 173 രേഖകളും അടങ്ങിയതാണ് കുറ്റപത്രം.
്‌സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ 2008 ഓഗസ്റ്റ് 26-നാണ് റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസിനെ കൊലപ്പെടുത്തുന്നത്. ഇതിനു പിന്നിലും ജോളിയാണെന്ന് വ്യക്തമായത് ആദ്യഭര്‍ത്താവ് റോയ് തോമസ് വധക്കേസ് അന്വേഷണത്തിനിടെയാണെന്ന് എസ്പി വ്യക്തമാക്കി. റോയ്‌തോമസിന്റെ പിതാവാണ് ടോം തോമസ്.
മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ അത് മുതലെടുത്ത് ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാര്‍ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. ജോളിയുടെ മകന്‍ റെമോയാണ് പ്രധാന സാക്ഷി. ക്യാപ്‌സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.
ടോം തോമസിന് ദിവസവും മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്‌സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായി. ആദ്യം ഓടിയെത്തിയ അയല്‍ക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്.
ആദ്യത്തെ കൊലപാതകമായ അന്നമ്മ വധക്കേസില്‍ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. ഇതോടെ ആറുകേസിലും കുറ്റപത്രസമര്‍പ്പണം പൂര്‍ത്തിയാകും. എല്ലാ കേസിലും കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!