Gulf NewsTrending

പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക സെല്‍; ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു ബിജുസുന്ദരേശന് മോചനം


തിരുവന്തപുരം: പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി പ്രവാസികള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകരുന്നു. ഈ പദ്ധതിയിലൂടെ ഇതാദ്യമായി ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നു തിരുവനന്തപുരം സ്വദേശി മോചിതനായി. നെടുമങ്ങാട് കൊല്ല പനവൂര്‍ തടത്തരികത്ത് വീട്ടില്‍ ബിജു സുന്ദരേശനെയാണ് നോര്‍ക്ക നിയമ സഹായസെല്‍ തുണച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ബിജുവിന് നാട്ടിലെത്താന്‍ വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്കയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ എത്തിയ ബിജുവിനെ നോര്‍ക്ക റൂട്ട്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍.വി.മത്തായി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.സി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ബിജുവിന്റെ ഭാര്യ രാജിയും മക്കളും ഒപ്പമുണ്ടായിരുന്നു.
എട്ട് വര്‍ഷം ഒമാനില്‍ ജോലി ചെയ്തിരുന്ന ബിജുവിന്റെ വിസയും ലേബര്‍ പെര്‍മിറ്റും കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷമായിരുന്നു. കേസ് നോര്‍ക്കയിലെത്തുമ്പോള്‍ ബിജു ഒമാനിലെ ഇസ്‌കി പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ബിജുവും സ്പോണ്‍സറും തമ്മിലുള്ള ലേബര്‍/കൊമേഴ്സ്യല്‍ കേസുകളാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെത്തിച്ചത്. കേസ് വിശദമായി പരിശോധിച്ച നോര്‍ക്ക റൂട്ട്സ് ഉദ്യോഗസ്ഥര്‍ ഒമാനിലെ നോര്‍ക്കയുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറുകയായിരുന്നു. നോര്‍ക്കയുടെയും നോര്‍ക്കയുടെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ് ബിജുവിനെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചത്. തുടര്‍ന്നു ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കി ബിജുവിനെ നാട്ടിലെത്തുന്നതിനുള്ള അവസരമൊരുങ്ങുകയായിരുന്നു.
പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.

Show More

Related Articles

Back to top button
error: Content is protected !!