KuttiadyNews

കൊറോണ: കുറ്റ്യാടിയുടെ പേരില്‍ വ്യാജ പ്രചരണം


വടകര: കൊറോണ വൈറസ് ബാധിച്ച് 26 പേര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഇക്കാര്യത്തില്‍ ആശുപത്രി ആര്‍എംഒ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത് തികച്ചും തെറ്റാണെന്നും ഈ വാര്‍ത്ത കേട്ട് ആരും പരിഭ്രാന്തരാവരുതെന്നും ആര്‍എംഒ ഡോ.പി.കെ.ഷാജഹാന്‍ വ്യക്തമാക്കി. നിലവില്‍ ആരും തന്നെ കൊറോണ ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം കുറ്റ്യാടി ആശുപത്രി പരിധിയിലെ ഒമ്പതോളം പഞ്ചായത്തുകളില്‍ ചൈനയില്‍ നിന്നു വന്ന 26 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഇവരിലാര്‍ക്കും തന്നെ ഒരുവിധ ലക്ഷണവുമില്ല.
എന്നാല്‍ ആശുപത്രിയില്‍ വരുന്നവര്‍ കുറച്ച് ജാഗ്രത പുലര്‍ത്തണമെന്നു ഡോക്ടര്‍ പറഞ്ഞു. ഇത് സാധാരണ സാഹചര്യത്തില്‍ പുലര്‍ത്തേണ്ടതാണ്. ആവശ്യത്തിനു മാത്രം ആശുപത്രിയില്‍ വരിക, കഴിയുന്നതും സന്ദര്‍ശനം പരിമിതപ്പെടുത്തുക, കുഞ്ഞുങ്ങളെ സന്ദര്‍ശനസംഘത്തില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍. കൊറോണ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആശുപത്രി സന്ദര്‍ശനം കുറച്ചുകൂടി നിയന്ത്രണ വിധേയമാക്കിയതെന്നും ഇതുമാത്രമേ ചെയ്തിട്ടുള്ളൂവെന്നും ആര്‍എംഒ അറിയിച്ചു.

Show More

Related Articles

Back to top button
error: Content is protected !!