KoyilandyNewsTourismTrending

പതിവ് തെറ്റിയില്ല; കൊളാവിപ്പാലത്ത് കടലാമകള്‍ മുട്ടയിടാനെത്തി

പയ്യോളി: മലബാറിലെ ഏക കടലാമ സംരക്ഷണ കേന്ദ്രമായ കൊളാവിപ്പാലം കടല്‍തീരത്ത് ആമകള്‍ മുട്ടയിടാന്‍ എത്തിതുടങ്ങി. പതിവ് തെറ്റാതെ ഇക്കുറിയും കടലാമകള്‍ മുട്ടയിടാനെത്തിയതില്‍ ‘തീരം’ പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഏറെ ആഹ്ലാദത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടാമത്തെ കടലാമയും മടങ്ങിയതോടെ മുട്ടകള്‍ ശേഖരിച്ച് ഹാച്ചറിയില്‍ വിരിയിക്കാനായി കുഴിച്ചിട്ടിരിക്കുകയാണ് തീരം പ്രവര്‍ത്തകര്‍.
ഒലീവ് റിഡ്‌ലി ഇനം ആമകളുടെ 143 മുട്ടകളാണ് വ്യാഴാഴ്ച ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 23ന് ആദ്യമെത്തിയ കടലാമയില്‍ നിന്ന് 123 മുട്ടകള്‍ ലഭിച്ചിരുന്നു. മത്സ്യതൊഴിലാളികളായ മധു, മൊയ്യച്ചേരി രാമകൃഷ്ണന്‍ എന്നിവരുടെ സഹകരണവും ഇപ്രാവശ്യം മുട്ടകള്‍ കണ്ടെത്താന്‍ തീരം സംരക്ഷണ സമിതിക്ക് മുതല്‍ക്കൂട്ടായി.
രാത്രികാലങ്ങളില്‍ മുപ്പത് മീറ്ററോളം കരയിലേക്ക് കയറിയാണ് ആമകള്‍ മുട്ടിയിടുക. കരയിലേക്ക് കയറിയ ശേഷം പിന്‍ചിറകുകള്‍ കൊണ്ട് പൂഴിയില്‍ ഒന്നരയടി താഴ്ചയില്‍ ഫണലാകൃതിയില്‍ കുഴിയെടുത്ത് മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് മുട്ടയിട്ട് മടങ്ങുന്നത്.
സൂര്യാതാപം 47 ഡിഗ്രിക്ക് മുകളില്‍ ലഭിക്കുമ്പോള്‍ ഇവ വിരിയാന്‍ രണ്ടാഴ്ച മതിയെന്നാണ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. മുട്ട വിരിഞ്ഞ് കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരിഞ്ച് നീളവും അമ്പത് ഗ്രാം തൂക്കവും മാത്രമെ ഉണ്ടാവൂ. വളര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ ഇവക്ക് ഒരു മീറ്ററോളം നീളവും എണ്‍പത് കിലോ വരെ തൂക്കവുമുണ്ടാവും. ആമക്കുഞ്ഞുങ്ങളെ ഏത് ദിശയില്‍ തിരിച്ച് വെച്ചാലും കടല്‍ ലക്ഷ്യമാക്കി നീങ്ങാന്‍ ഇവര്‍ മിടുക്കരാണെന്നതാണ് ഏറെ കൗതുകകരം.
ഓഗസ്റ്റിലാണ് മുട്ടയിടാനായി ആമകള്‍ വരാറുള്ളതെങ്കിലും ഇപ്പോള്‍ ഡിസംബറിലാണ് എത്തുന്നത്. ഒലീവ് റിഡ്‌ലിയെ കൂടാതെ എട്ടിനം കടലാമകളാണുള്ളത്. ഇവയില്‍ പെട്ട ‘ലതര്‍ ബാക്ക്’എന്ന വിഭാഗത്തിന് ടണ്ണോളം ഭാരം വരും.
കൊളാവിപ്പാലത്ത് ഇരുപത്തിയെട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ അമ്പതിനായിരിത്തിലേറെ കുഞ്ഞുങ്ങളെ വിരിയിച്ച് കടലിലേക്ക് വിട്ടിട്ടുണ്ടെന്ന് സംരക്ഷണ സമിതി സെക്രട്ടറി ദിനേശ് ബാബു പറഞ്ഞു. തുടക്കത്തില്‍ ജില്ലാ വനം വകുപ്പ് ഇടപെട്ട് ആറ് പ്രവര്‍ത്തകര്‍ക്ക് ദിവസവേതനം നല്‍കിയിരുന്നു. ഈ വേതനം കടലാമ സംരക്ഷണത്തിനായി മാത്രം ഉപയോഗിച്ച് കൊണ്ട് ഹാച്ചറിയും കെട്ടിടവും ഭൂമിയും വാങ്ങി മാതൃകയാവുകയായിരുന്നു തീരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. സുനാമിയും കാലാവസ്ഥ വ്യതിയാനവും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി രണ്ട് ആമകള്‍ മാത്രമാണ് മുട്ടയിടാനെത്തുന്നത്. മുമ്പ് ഒരു സീസണില്‍ അറുപത്തിയഞ്ച് ആമകള്‍ വരെ വന്നിരുന്നു. ആമകള്‍ കുറഞ്ഞതോടെ സര്‍ക്കാര്‍ വേതനം ആറ് പേരില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രമായി ചുരുങ്ങി. ഇതു ഹാച്ചറിയുടെ ദൈനംദിന ചെലവുകളെ ബാധിച്ചു. എന്നിരുന്നാലും സംരക്ഷണ സമിതി പ്രസിഡണ്ട് എം.ടി.സുരേഷ് ബാബുവും സെക്രട്ടറി ദിനേശ് ബാബുവും സതീശനും സഹപ്രവര്‍ത്തകരും കടലാമ സംരക്ഷണയജ്ഞത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് .

Show More

Related Articles

Back to top button
error: Content is protected !!