NewsVatakara

കേരളത്തില്‍ ഒരാള്‍ക്കൂ കൂടി കൊറോണ വൈറസ് ബാധ


തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി.
ചൈനയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയതായി രോഗ ബാധയെന്നാണ് വിവരം. രോഗബാധിതനെ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം കേരളത്തില്‍ രണ്ടാമത്തെ കൊറോണ സ്ഥിരീകരിച്ചെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. അന്തിമ പരിശോധന ഫലം കിട്ടിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളുവെന്ന് മന്ത്രി കൊല്ലത്തു പറഞ്ഞു.
ആലപ്പുഴയില്‍ കഴിയുന്ന വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിക്കാണ് കൊറോണ പോസിറ്റീവാകാന്‍ സാധ്യത. രോഗി ഐസൊലേഷന്‍ വാര്‍ഡിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വിദ്യാര്‍ഥി ഭക്ഷണം കഴിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തൊണ്ടവേദനക്കും ചുമക്കും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ള പെണ്‍കുട്ടിക്ക് പുറമെ കുടുംബാംഗങ്ങളും 28 ദിവസം നിരീക്ഷണത്തിലായിരിക്കും. അടുത്ത മുറിയില്‍ കുട്ടിയുടെ അമ്മ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇവര്‍ക്ക് ഡോക്ടര്‍മാരുടെ അനുമതിയോടെ ഇടക്ക് സുരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് മകളെ കാണാന്‍ അവസരം നല്‍കുന്നുണ്ട്. തൃശൂരില്‍ 133 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തൃശൂരില്‍ നിന്ന് അഞ്ച് സാമ്പിളുകള്‍ കൂടി അയച്ചു. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാന്‍ പൂനയില്‍ നിന്നുളള സംഘം അടുത്ത ദിവസം മുതല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂറ്റിലെത്തും.
തൃശൂരിലെ പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ഥിനി പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ സിങ്ജിയാങില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. 12 പേരെയും വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്.
കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയ 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1723 പേര്‍ വീടുകളിലും 70 പേര്‍ വിവിധ ആശുപത്രികളിലുമാണ്. രോഗം സംശയിക്കുന്നവരുടെ 39 സാമ്പിളുകള്‍ പുണെയിലെ എന്‍.ഐ.വിയില്‍ പരിശോധനക്കയച്ചു. ഇതില്‍ 23 സാമ്ബിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്.

Show More

Related Articles

Back to top button
error: Content is protected !!