Gulf News

ഒമാന്‍ സുല്‍ത്താന്റെ ഓര്‍മക്കായി എടച്ചേരി ക്ഷേത്രത്തില്‍ അന്നദാനം


നാദാപുരം: ഒമാന്‍ ഭരണാധികാരിയായിരുന്ന പരേതനായ സുല്‍ത്താന്‍ ഖാബൂസിന്റെ ഓര്‍മയ്ക്കായി എടച്ചേരി ക്ഷേത്രത്തില്‍ ഒമാന്‍ പ്രവാസി മലയാളികളുടെ അന്നദാനം. എടച്ചേരിയിലെ കാക്കന്നൂര്‍ മസ്‌ക്കറ്റ് പ്രവാസി കൂട്ടായ്മയാണ് വ്യത്യസ്തമായ മതേതര പാഠം പകരുന്നത്.
എടച്ചേരി കാക്കന്നൂര്‍ ക്ഷേത്ര തിറമഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മസ്‌ക്കറ്റ് പ്രവാസികളുടെ സൗഹൃദകൂട്ടായ്മ ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്റെ ഓര്‍മയ്ക്കായി ഉച്ചഭക്ഷണം നല്‍കുന്നത്. ഒരു വിദേശിയുടെ ഓര്‍മയ്ക്കായി ഈ ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നത് ആദ്യമായാണ്.
2017 ഫിബ്രവരി മൂന്നിന് അസുഖ ബാധിതനായ ഒമാന്‍ രാജാവായ ഖാബൂസിന്റെ ദീര്‍ഘായുസ്സിനായി പൂജയും പ്രാര്‍ഥനയും അന്നദാനവും ഒമാന്‍ പ്രവാസികളായ എടച്ചേരിക്കാര്‍ ഈ ക്ഷേത്രത്തില്‍ നടത്തിയിരുന്നു. ശനിയാഴ്ച കൊടിയേറുന്ന ക്ഷേത്രോത്സവം മൂന്നിന് വൈകുന്നേരം സമാപിക്കും. തിറയാട്ട സമാപന ദിവസമായ തിങ്കളാഴ്ച 12 മണി മുതല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദിന്റെ സ്മരണയ്ക്കായി സമൂഹസദ്യ നടക്കും. ഇതില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ഭക്ത്യാദരപൂര്‍വ്വം എത്തിച്ചേരും.

Show More

Related Articles

Back to top button
error: Content is protected !!