KuttiadyNews

ബാവുപ്പാറ കരിങ്കല്‍ ക്വാറിക്കെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍


വടകര: ആയഞ്ചേരി പഞ്ചായത്തിലെ ബാവുപ്പാറ കിഴക്കേ മലയില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചത് നിയമ ലംഘനങ്ങളിലൂടെയെന്ന് ഹൈക്കോടതിയുടെ കണ്ടെത്തല്‍. നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ കോടതി ക്വാറി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഈ ക്വാറിയുടെ പ്രവര്‍ത്തനം കാരണം അപകട ഭീഷണി നേരിടുന്ന പ്രദേശ വാസികള്‍ 2019 ജനുവരി മുതല്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു നിയമ നടപടികളും സമര പരിപാടികളും നടത്തി മുമ്പോട്ട് പോവുകയായിരുന്നു. ഇതിനു തുടര്‍ച്ചയായി കഴിഞ്ഞ ജൂലൈയില്‍ ജില്ലാ കളക്ടര്‍ ക്വാറി സന്ദര്‍ശിക്കുകയുണ്ടായി. റോഡ് ഗതാഗത യോഗ്യമല്ലാതെ തകര്‍ന്നതും പാരിസ്ഥിതിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങളും അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ മഴക്കാലത്തു ക്വാറിയില്‍ നിന്നു കല്ലും മണ്ണും ക്വാറി വേസ്റ്റും ഒഴുകി അപകടം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ അപകട ഭീഷണി കാരണം മാറ്റി താമസിപ്പിച്ചിരുന്നു. വടകര തഹസില്‍ദാര്‍ ക്വാറി ഉടമക്ക് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. കളക്ടറുടെയും ജിയോളജി വകുപ്പിന്റെയും പരിശോധനയില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങള്‍ കാരണം നിലവില്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഉത്തരവും.
ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടൊപ്പം ഹൈക്കോടതി വിധിയും വന്നത് ആശ്വാസകാരമാണെന്ന് സമീപ വാസികള്‍ പ്രതികരിച്ചു. നിയമ ലംഘനങ്ങള്‍ നടത്തിയതിനും നാട്ടുകാര്‍ക്ക് ജീവന് ഭീഷണിയാവുന്ന അപകടാവസ്ഥയില്‍ ക്വാറി പ്രവര്‍ത്തിച്ചതിനും എതിരെ ശക്തമായ നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ എടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!