News

പുതുപ്പണത്തുകാര്‍ക്കു കൗതുകം; കളരി കെട്ടിമേഞ്ഞ് പോളണ്ടുകാരികള്‍

വടകര: പരമ്പരാഗത രീതിയില്‍ കളരിപ്പുര കെട്ടിമേയുന്നത് പഠിക്കാന്‍ പോളണ്ടില്‍നിന്നെത്തിയ വനിതകള്‍ വിസ്മയം പകര്‍ന്നു. പുരുഷന്മാരെ പോലെ ഇവര്‍ പുര കെട്ടിമേയാന്‍ തന്നെ തയാറായി. പോളണ്ടില്‍ ആര്‍ക്കിടെക്ടുകളായ നതാലിയ, ആശ, പൗലിന എന്നിവരാണ് പുതുപ്പണത്തെത്തിയത്. കടത്തനാട് കെ.പി.ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരിസംഘത്തിലെത്തിയ ഇവര്‍ കളരിപ്പയറ്റു പോലെ കളരി കെട്ടിമേയുന്നതും അഭ്യസിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം ആജ്ഞയ് എന്ന യുവാവുമുണ്ട്. ഇദ്ദേഹം കളരി കെട്ടിമേയാന്‍ കളരിപ്പുറത്തേക്ക് കയറിയില്ല. ഒരുമാസമായി ഈ കളരിയില്‍ കെ.വി. മുഹമ്മദ് ഗുരുക്കളുടെ ശിക്ഷണത്തില്‍ കളരിപയറ്റ് പഠിക്കുകയാണ് നാലുപേരും. കഴിഞ്ഞ വര്‍ഷവും ഇവിടെവന്ന് ആയോധനകല പഠിച്ചിരുന്നു.
കളരിനിര്‍മാണത്തിലെയും കെട്ടിമേയലിലെയും പ്രാചീനസമ്പ്രദായത്തിലെ ശാസ്ത്രീയവശം പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എത്തിയത്. ഇതിനായി കളരി കെട്ടിമേയുന്നവര്‍ക്കൊപ്പം കളരിയുടെ മുകളില്‍ ഇവരും കയറി കെട്ടുന്നത് പഠിച്ചു.
കെ.വി.മുഹമ്മദ് ഗുരുക്കളും ഡോ. അശ്വതി സുഭാഷും ഇവര്‍ക്കൊപ്പം കയറി. കളരിപ്പുറത്ത് കയറിയ വിദേശവനിതകള്‍ ഏവര്‍ക്കും കൗതുകമായി. കളരിയിലെ വിവിധമുറകള്‍ പരിശീലിക്കുന്നതിനു പുറമേ എണ്ണതേപ്പ്, കച്ചകെട്ട് എന്നിവയും ഇവര്‍ പരിശീലിക്കുന്നുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!