News

‘ഡിജിപി’ കളിച്ച് സെന്‍കുമാര്‍; മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി

തിരുവനന്തപുരം: എസ്എന്‍ഡിപി യൂണിയനെതിരേ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും സുഭാഷ് വാസുവും നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. സെന്‍കുമാറിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഒരു സംഘം കൈയേറ്റം ചെയ്തു. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ചോദ്യം കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചു. അയാളെ പിടിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോട് മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.
പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ഇസ്‌പേഡ് ഏഴാം കൂലിക്ക് താന്‍ വെട്ടിയതാണെന്നും, എട്ടാം കൂലിക്ക് വെട്ടേണ്ടപ്പോള്‍ വെട്ടുമെന്നും സെന്‍കുമാര്‍ മറുപടി നല്‍കി.
എസ്എന്‍ഡിപി യോഗത്തില്‍നിന്ന് വെള്ളാപ്പള്ളി 1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നു സെന്‍കുമാര്‍ ആരോപിച്ചു. ഇക്കാര്യം സംബന്ധിച്ച് ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോളജ്, സ്‌കൂള്‍ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോഫിനാന്‍സിന് വാങ്ങിയ അധികപലിശ എവിടെപ്പോയെന്നും സെന്‍കുമാര്‍ ചോദിച്ചു. എസ്എന്‍ഡിപിയില്‍ ജനാധിപത്യം ഇല്ലെന്നും വെള്ളാപ്പള്ളിയും കുടുംബവും രാജഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്എന്‍ഡിപി യോഗത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ വെള്ളാപ്പള്ളി അട്ടിമറിച്ചു. സംസ്ഥാനത്തെ 1,000 ശാഖകള്‍ വ്യാജമാണ്. റിട്ട.ജഡ്ജിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തില്‍ കൊണ്ടുവന്നതിനു ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Back to top button
error: Content is protected !!