NewsVatakara

ഉറങ്ങികിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണം കവരുന്ന ഹ്യുണ്ടായ് അനസ് പിടിയില്‍

കോഴിക്കോട്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍നിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവരുന്നയാള്‍ പിടിയില്‍. വീടുകളുടെ ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയും മറ്റും ഫോണും പൊന്നും കൈക്കലാക്കുന്ന മോഷ്ടാവിനെയാണ് പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു.കെ. ജോസിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ വി.എം ജയന്റെയും നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് എന്ന ഹ്യുണ്ടായ് അനസ്(32) ആണ് പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ്, പന്തീരാങ്കാവ്, നല്ലളം പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടായി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി പോയി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ചെന്നുനോക്കുമ്പോള്‍ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു.
രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്‌ളാറ്റിന് സമീപത്തെ മാമുക്കോയ എന്നവരുടെ വീട്ടിലും സമാനമായ രീതിയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ചെയിനും തണ്ടയും അരഞ്ഞാണവും കവര്‍ന്നെടുത്ത് കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഭീതിയിലായ ജനങ്ങള്‍ കളവുകള്‍ക്ക് പിന്നില്‍ അന്യസംസ്ഥാനക്കാര്‍ ആണെന്ന് സംശയം ഉന്നയിക്കുകയും അപ്രകാരം പോലീസ് അന്യസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പരിശോധിക്കുകയുമുണ്ടായി. പുത്തൂര്‍ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നത് പോലീസിനും ജനങ്ങള്‍ക്കും വലിയ തലവേദനയായിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ മോഷണ രീതിയുള്ള കള്ളന്മാരുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അനസിനെ രഹസ്യമായി നിരീക്ഷിച്ച പോലീസ് ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്.
മോഷണമുതലുകള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ് , മുഹമ്മദ് ഷാഫി.എം,സജി.എം, ഷാലു.എം, അഖിലേഷ്.കെ, ഹാദില്‍ കുന്നുമ്മല്‍, നവീന്‍.എന്‍, ജിനേഷ്.എം പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ മുരളീധരന്‍,ഉണ്ണി എന്നിവരുള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

Show More

Related Articles

Back to top button
error: Content is protected !!