NadapuramNews

വളയത്ത് ഇനി കുതിരകുളമ്പടിയും; അഭിനന്ദിന്റെ സ്വപ്നം പൂവണിഞ്ഞു


അമിത്ത് വളയം
നാദാപുരം: സ്വന്തം കുതിരയെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് വളയം മഞ്ചാന്തറ സ്വദേശി അഭിനന്ദ്. സമൂഹമാധ്യമങ്ങളിലും മറ്റും കുതിരകളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടതോടെ മനസില്‍ കുതിര പ്രേമം കയറിക്കൂടുകയായിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുതിരകളെ അടുത്തറിയാന്‍ ശ്രമം തുടങ്ങി. കുതിരകളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചതോടെ എങ്ങനെയും ഒരു കുതിരയെ സ്വന്തമാക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പകലന്തിയോളം ജോലി ചെയ്ത് ഈ പത്തൊമ്പതുകാരന്‍ കുറച്ച് പൈസ സ്വരൂക്കൂട്ടി വച്ചു. പിന്നീട് കുതിരയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി. ഒടുവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയുടെ സഹായത്തോടെ കുതിരക്കമ്പക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ കയറിക്കൂടി. ഇതിലൂടെ വിവിധ സ്ഥലങ്ങളില്‍ വില്‍ക്കാന്‍ വച്ചതും മറ്റുമായ കുതിരകളെപ്പറ്റി മനസ്സിലാക്കി. തുടര്‍ന്ന് കോയമ്പത്തൂരില്‍ ഒരു വയസായ കുതിരയെ വില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. കോയമ്പത്തൂരില്‍ നടന്ന ചില കുതിരപ്പന്തയങ്ങളില്‍ ജേതാവായ കുതിരയുടെ കുട്ടിയെയാണ് വില്‍പ്പനയ്ക്ക് വച്ചതായി സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്. അത് കൊണ്ട് തന്നെ മറ്റ് കുതിരകളെ അപേക്ഷിച്ച് വിലയും കൂടുതലായിരുന്നു. ഒടുവില്‍ കച്ചവടം ഉറപ്പിച്ച ശേഷം ശനിയാഴ്ചയോടെ കുതിരയെ വളയത്തെത്തിക്കുകയായിരുന്നു. നാടന്‍ ഇനമായ നാട്ടുകുതിര വിഭാഗത്തില്‍പ്പെട്ടതാണ് അഭിനന്ദ് സ്വന്തമാക്കിയ കുതിര. ഒരു വയസ് മാത്രമായതിനാല്‍ കുതിരക്ക് പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ആറ് മാസം കഴിഞ്ഞ് പരിശീലനം നല്‍കി കാലില്‍ ലാടം അടിച്ചതിന് ശേഷമേ സവാരിയും മറ്റും നടത്താന്‍ കഴിയൂ. അതു വരെ വീട്ടില്‍ ഇണക്കി വളര്‍ത്താനാണ് അഭിനന്ദിന്റെ പരിപാടി. ഒരു പശുവിനെ വളര്‍ത്തുന്നത് പോലെ ലളിതമാണത്രെ കുതിരയെ വളര്‍ത്തുന്നതും.
കോയമ്പത്തൂരില്‍ നിന്ന് ലോറിയിലാണ് കുതിരയെ വളയത്തെത്തിച്ചത്. കുതിരയ്ക്കും ലോറി വാടകയിനത്തിലുമായി അമ്പതിനായിരത്തോളം രൂപ ചെലവായെങ്കിലും തന്റെ സ്വപനം പൂവണിഞ്ഞ സന്തോഷത്തിലാണ് പത്തൊമ്പത്കാരന്‍. ഗോതമ്പ് തവിട്, മുതിര, പച്ചപ്പുല്ല്, കടല തുടങ്ങിയവയാണ് ഭക്ഷണം. ഇതിനോടകം നിരവധി പേരാണ് അഭിനന്ദിന്റെ കുതിരയെ കാണാന്‍ വളയം മഞ്ചാന്തറയിലെ വീട്ടിലെത്തുന്നത്.

Show More

Related Articles

Back to top button
error: Content is protected !!