NadapuramNews

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ 2 പേര്‍ അറസ്റ്റില്‍, ലോറി കസ്റ്റഡിയില്‍

.
നാദാപുരം: ജാതിയേരി കല്ലുമ്മലില്‍ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യങ്കോട് കോഴിലം കണ്ടി ജമാല്‍, പേരോട് സ്വദേശി മീത്തലെ കിഴക്കയില്‍ രാജീവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജാതിയേരി കല്ലുമ്മല്‍ പുളിയാവ് റോഡരികില്‍ മണാട്ട് കുണ്ടയില്‍ റോഡരികിലാണ് മാലിന്യം തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്തംഗം അഹമ്മദ് കുറുവയിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മാലിന്യം തള്ളിയവരെ തടഞ്ഞ് വെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കെഎല്‍ 18വൈ 415 നമ്പര്‍ ടിപ്പര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കെ.പി.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനവും ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ മാലിന്യമാണ് ഇതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കി. ഒഴിഞ്ഞ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!