NadapuramNews

പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണ ശ്രമം; ബീഹാര്‍ സ്വദേശി അറസ്റ്റില്‍


നാദാപുരം: തണ്ണീര്‍പന്തലില്‍ പട്ടാപ്പകല്‍ വീട്ടില്‍ മോഷണ ശ്രമം മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശി വീരേന്ദ്രകുമാറിനെയാണ് (22) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
തണ്ണീര്‍പന്തല്‍ പുത്തലത്ത് അമ്മദിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ അമ്മദും കുടുംബവും കുറ്റ്യാടിയിലെ കല്യാണ വീട്ടില്‍ പോയി ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്ര ദ്ധയില്‍ പെട്ടത്. വീടിനകത്ത് നിന്ന് ശബ്ദം കേട്ട് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാരയിലുളള വസ്തുക്കള്‍ വാരി വലിച്ചിട്ട നിലയിലും പിന്‍ ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടും വാതിലും തകര്‍ത്ത നിലയിലുമായിരുന്നു. തുടര്‍ന്ന് അമ്മദ് വീട് പുറത്ത് നിന്ന് പൂട്ടി നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നാദാപുരത്ത് നിന്ന് കണ്‍ട്രോള്‍ റൂം പോലീസ് എത്തി വീടിന്റെ മുകള്‍ നിലയിലെ വാതില്‍ അകത്ത് നിന്ന് പൂട്ടിയതു കണ്ടതോടെ വീടിനകത്ത് മോഷ്ടാവുണ്ടെന്ന് ഉറപ്പിച്ചു. വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ മോഷ്ടാവ് തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. ജീന്‍സും ഷര്‍ട്ടും അഴിച്ച് വീട്ടിലെ സ്ത്രീയുടെ പര്‍ദ്ദയും ലഗിന്‍സും ധരിച്ച നിലയിലായിരുന്നു മോഷ്ടാവ്.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം സ്റ്റേഷനിലേക്ക് മാറ്റി. വീട്ടില്‍ നിന്ന് ഒന്നും തന്നെ മോഷണം പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വടകരയില്‍ താമസിക്കുന്ന ഇയാള്‍ മോഷണത്തിനായി തണ്ണീര്‍ പന്തലില്‍ എത്തിയതാണെന്ന് പോലീസ് പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!