Art&LiteratureNews

‘മാതളത്തേനുണ്ണാന്‍………..’മോഹന്‍ലാലിന്റെ അവകാശവാദം വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി വി.ടി.മുരളി

‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തില്‍ ഗായകന്‍ വി.ടി. മുരളി ആലപിച്ച ‘മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ…’ എന്ന ഗാനവുമായി ബന്ധപ്പെട്ട് വിവാദം. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ നടന്‍ മോഹന്‍ലാല്‍ ‘മാതളത്തേനുണ്ണാന്‍’ എന്ന പാട്ട് താന്‍ പാടിയതാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് വി.ടി. മുരളി.
മോഹന്‍ലാലിന്റെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ചറിയിച്ചതെന്ന് വി.ടി. മുരളി പറയുന്നു. ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരിപാടിയുടെ പുന:സംപ്രേഷണം കണ്ടെന്നും പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോയെന്നും വി.ടി. മുരളി ചോദിക്കുന്നു.

ഫേസ്ബുക്കിലൂടെ വി.ടി.മുരളി നടത്തിയ പ്രതികരണത്തിന്റെ പൂര്‍ണരൂപം

‘ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാന്‍ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേര്‍ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാന്‍ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാന്‍ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തില്‍ ധര്‍മജന്‍ എന്ന നടന്‍ ക്യാമ്പ് വിട്ടു പോകുന്നു.
മോഹന്‍ലാല്‍ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹന്‍ലാല്‍ ( ലാലേട്ടന്‍ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകര്‍ ക്ഷോഭിക്കരുത് )
ധര്‍മജനനോട് ഒരു പാട്ട് പാടാന്‍ പറയുന്നു.
ധര്‍മജന്‍ പാടുന്നു.

‘ മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ‘.

മോഹന്‍ലാല്‍..’ ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധര്‍മജന്‍..’ ഇല്ല’

മോഹന്‍ലാല്‍..’ ഇത് ഞാന്‍ പാടിയ പാട്ടാണ്’

( സദസ്സില്‍ കൈയടി )

മോഹന്‍ലാല്‍..
‘ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ”ഉയരും ഞാന്‍ നാടാകെ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട്’

തുടര്‍ന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേര്‍ത്തുനേര്‍ത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റില്‍ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉല്‍ഘാടനം ചെയ്യ് കൊണ്ട് , ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാന്‍ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാല്‍ക്കഷണം: പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?’

.

Show More

Related Articles

Back to top button
error: Content is protected !!