NadapuramNewsTrending

ദേശീയ ഫയര്‍ സര്‍വീസ് കായിക മേള; കേരളത്തിന് അഭിമാനമായി നാദാപുരത്തെ താരങ്ങള്‍


ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: ലക്നൗവില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് കായിക മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നാദാപുരത്തെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കേരളത്തിന് അഭിമാനമായി. കേരളത്തെ പ്രതിനിധീകരിച്ച നാല്‍പ്പത്താറംഗ ടീമില്‍ നാദാപുരത്ത് നിന്നു പങ്കെടുത്തത് നാല് പേര്‍. സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.വാസത്ത്, ടി.ബബീഷ്, ഷിഖിലേഷ്, ഷമീല്‍ എന്നിവര്‍. മേളയില്‍ വോളിബോള്‍ സ്വര്‍ണം നേടിയ കേരളാ ടീമിനെ നയിച്ചത് സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.വാസത്ത് ആയിരുന്നു. ടി.ബബീഷും ടീമിലുണ്ടായിരുന്നു. ഷമീല്‍ ഉള്‍പ്പെട്ട കേരളാ ഫുട്ബോള്‍ ടീമിനാണ് സ്വര്‍ണം. അയ്യായിരം മീറ്ററില്‍ മത്സരിച്ച ഷിഖിലേഷിനെ ഉത്തരേന്ത്യയിലെ തണുത്ത കാലാവസ്ഥ തിരിച്ചടിയായി.
രണ്ടാം ദേശീയ ഫയര്‍ സര്‍വ്വീസ് കായിക മേളയില്‍ സംസ്ഥാന അഗ്നി രക്ഷാ സേനകള്‍, സിഐഎസ്എഫ്, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഒഎന്‍ജിസി,സ്വകാര്യ മേഖലയിലെ റിലയന്‍സ്,ഗെയില്‍ തുടങ്ങിയ അഗ്നി രക്ഷാ വിഭാഗങ്ങളും പങ്കാളികളായിരുന്നു. വോളിബോളില്‍ തമിഴ്നാട്, കര്‍ണ്ണാടക, എയര്‍പ്പോര്‍ട്ട് അതോറിറ്റി, സിഐഎസ്എഫ്, എന്നിവയെ പരാജയപ്പെടുത്തിയാണ് കേരളം സ്വര്‍ണം നേടിയത്. ഫുട്ബോളില്‍ പി.പി.ഷമീലിന്റെ മികവില്‍ കേരളത്തിന് വിജയം സമ്മാനിച്ചു. ഒഎന്‍ജിസി, സിഐഎസ്എഫ്, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയെ പരാജയപ്പെടുത്തിയാണ് ഷമീലിന്റെ നേതൃത്വത്തിലുള്ള കേരള ടീം സ്വര്‍ണ മെഡല്‍ നേടിയത്. വിംഗ് ബാക്ക് ആയി കളിച്ച ഷമീലിന്റെ പ്രതിരോധം തകര്‍ത്ത് എതിര്‍ ടീം ഗോള്‍ നേടിയത് രണ്ട് പ്രാവശ്യം മാത്രമാണ്.
കല്ലേരി ചെയച്ചന്‍കണ്ടിയില്‍ വാസത്ത് നേരത്തെ യൂത്ത് കേരള ടീം, കോഴിക്കോട്, കോട്ടയം ജില്ലാ യൂത്ത് ടീം, ബിഎസ്എഫ് എന്നിവയ്ക്കു വേണ്ടിയും ജേഴ്സിയണിഞ്ഞിട്ടുണ്ട്. വേളം പെരുവയല്‍ സ്വദേശിയായ തിരുത്താംതോടി ബബീഷ് മേഖലയിലെ പ്രാദേശിക ടൂര്‍ണമെന്റുകളിലെ നിറസാന്നിദ്ധ്യമാണ്. ഒപ്പം മികച്ച അറ്റാക്കറും.
തണ്ണീര്‍ പന്തല്‍ കുനിങ്ങാട് സ്വദേശിയായ പാറ പിലാവുള്ളതില്‍ ഷമീല്‍ ഈ വര്‍ഷമാണ് കേരള ഫയര്‍ സര്‍വ്വീസ് ടീമിലെത്തിയത്. മേഖലയിലെ നിരവധി പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ച മികച്ച പ്രതിരോധ താരം കൂടിയാണ്. കഴിഞ്ഞവര്‍ഷം വോളിബോളില്‍ മൂന്നാം സ്ഥാനം നേടി കൊറിയയില്‍ അന്തര്‍ദേശീയ മേളയിലേക്ക് കേരളം യോഗ്യത നേടിയിരുന്നെങ്കിലും ഓഗസ്തിലെ പ്രളയം കാരണം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഫുട്ബോളില്‍ കഴിഞ്ഞ തവണയും സ്വര്‍ണ്ണം കേരളത്തിന് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം നാദാപുരം ഫയര്‍സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാക്കളെ ഇ.കെ.വിജയന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. കേരളത്തിലെ ഏതാനും ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ പങ്കെടുക്കുന്ന അവസരത്തിലാണ് നാല് പേരെ നാദാപുരം ഫയര്‍ഫോഴ്സ് പങ്കെപ്പിച്ചത്. ഈ ഓഗസ്തില്‍ ഡെന്‍മാര്‍ക്കിലാണ് അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!