NewsTrendingVatakara

ദേശീയ പണിമുടക്ക് ആഘോഷമായി മാറി; കോഴിയിറച്ചിക്ക് ക്യൂ


വടകര: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കാനിരിക്കെ മാര്‍ക്കറ്റുകളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. വിവിധ സാധനങ്ങള്‍ വാങ്ങാനെത്തിയവരെ കൊണ്ട് നഗരം നിറഞ്ഞു. പ്രത്യേകിച്ച് കോഴിസ്റ്റാളുകള്‍ക്കു മുന്നിലും മത്സ്യമാര്‍ക്കറ്റിലും ജനബാഹുല്യം തന്നെയുണ്ടായി.
വടകരയിലെ കോഴിപ്പീടികക്കു മുന്നിലേക്ക് ആളുകളുടെ ഒഴുക്കു കൂടിയപ്പോള്‍ ക്യൂ ഏര്‍പെടുത്തിയാണ്‌ തിരക്ക് നിയന്ത്രിച്ചത്. കോഴിയിറച്ചി അടങ്ങിയ വിഭവങ്ങള്‍ പാകം ചെയ്ത് പണിമുടക്ക് ദിവസം സ്വാദേറുന്ന ആഘോഷമാക്കി മാറ്റാന്‍ തന്നെയാണ് പരിപാടി. കിലോവിന് 180 രൂപയാണ് കോഴിയിറച്ചിക്ക് വില. മത്സ്യമാര്‍ക്കറ്റില്‍ ആളുകള്‍ കൂടിയതോടെ എല്ലായിനങ്ങളും പെട്ടെന്നു കാലിയാവുന്ന സ്ഥിതിയായി. പഴം പച്ചക്കറികടകളിലും അനാദിക്കടകളിലും പതിവില്‍ നിന്നു വ്യത്യസ്തമായി തിരക്ക് അനുഭവപ്പെട്ടതായി വ്യാപാരികള്‍ പറഞ്ഞു. സന്ധ്യപിന്നിട്ടതോടെയാണ് ഇവിടങ്ങളിലെല്ലാം തിരക്ക് തുടങ്ങിയത്. പിന്നീടത് തള്ളിക്കയറ്റംപോലെയായി.
ഇറച്ചിക്കടകളിലേതു പോലെ ബീവറേജ് ഉള്‍പെടെയുള്ള മദ്യശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എടോടിയിലെ ബീവറേജ് കോര്‍പറേഥന്റെ മദ്യവില്‍പനശാലയില്‍ ആവശ്യക്കാരുടെ പ്രവാഹംതന്നെയുണ്ടായി. അടിയന്തരാവശ്യക്കാര്‍ക്കായി മറിച്ചുവില്‍ക്കുന്ന സംഘങ്ങളും ഇതിന്റെ പരിസരത്ത് തമ്പടിച്ചിരുന്നു. ബാറുകളിലും തിരക്കായിരുന്നു. ഓണം, വിഷു, പെരുന്നാള്‍, ക്രിസ്മസ് തുടങ്ങിയ ആഘോഷ വേളകളെ അനുസ്മരിപ്പിക്കുന്നതായി ദേശീയ പണിമുടക്കിനു തലേദിവസത്തെ തിരക്ക്.

Show More

Related Articles

Back to top button
error: Content is protected !!