Gulf News

വടകര മഹോത്സവം നാളെ; ഒരുക്കം പൂര്‍ത്തിയായി

മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 3ന് വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറുന്ന വടകര മഹോത്സവം 2020യുടെ ഒരുക്കം പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ അനുഷ്ഠാന കലയായ തെയ്യവും കടത്തനാടിന്റെ സാംസ്‌കാരിക മഹിമയും പൈതൃകവും വിളംബരം ചെയ്യുന്ന ഘോഷയാത്ര മഹോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. വാദ്യമേളക്കാരുള്‍പ്പെടെ നാട്ടില്‍ നിന്നെത്തിയ എട്ടോളം തെയ്യം കലാകാരന്മാര്‍, താലപ്പൊലി, പഞ്ചവാദ്യം, പൂക്കലശം, ഇളനീര്‍ വരവ്, തെയ്യം, വെളിച്ചപ്പാട്, കളരി, ദഫ് മുട്ട്, ഒപ്പന, തിരുവാതിരക്കളി എന്നിവയും തച്ചോളി ഒതേനന്‍, ഉണ്ണിയാര്‍ച്ച, കുഞ്ഞാലി മരക്കാര്‍, എന്നീ വേഷങ്ങളും വിവിധങ്ങളായ മറ്റു കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. കലാപരിപരിപാടികളുടെ റിഹേഴ്‌സല്‍ ബഹ്‌റൈന്റെ വിവിധ സ്ഥലങ്ങളില്‍ അന്തിമഘട്ടത്തിലാണ്. സോപാനം വാദ്യകലാ സംഘത്തിലെ 101 മേളക്കാര്‍ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. ഉത്സവ പറമ്പിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ വിവിധ പവലിയനുകളും ഒരുക്കുന്നുണ്ട്.
കാലത്ത് ഒമ്പതിനു കൊടിയേറ്റത്തോടെ മഹോത്സവത്തിന് തുടക്കം കുറിക്കും. വൈകുന്നേരം നാലു മണിയോടെ പ്രധാന പരിപാടികള്‍ അരങ്ങേറും. രാത്രി വൈകുവോളം നീണ്ടു നില്‍ക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. കടത്തനാടന്‍ കളരി സംഘത്തിന്റെയും ചൂരക്കൊടി കളരി സംഘത്തിന്റെയും അഭ്യാസമുറകള്‍ മുന്‍കാല മഹോത്സവത്തില്‍ അവതരിപ്പിച്ച് മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ വടകര സഹൃദയ വേദി ഈ മഹോത്സവവും ചരിത്ര സംഭവമാക്കി മാറ്റാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ്.
മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഡേവിസ് ബാലകൃഷ്ണന്‍ ചെയര്‍മാനും എം.ശശിധരന്‍ ജനറല്‍ കണ്‍വീനറുമായ വിപുലമായ സംഘാടക സമിതിയാണ് പ്രവര്‍ത്തിച്ച് വരുന്നത്. മഹോത്സവ വേദിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രധാന സ്ഥലങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39898781, 39603989 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
സംഘാടക സമിതി ഭാരവാഹികള്‍ക്ക് പുറമെ സഹൃദയ വേദി രക്ഷാധികാരികളായ ആര്‍.പവിത്രന്‍, രാമത്ത് ഹരിദാസ്, കെ.ആര്‍.ചന്ദ്രന്‍, എം.ശിവദാസ്, സെക്രട്ടറി എം.പി.വിനീഷ്, ട്രഷറര്‍ ഷാജി വളയം വൈസ് :പ്രസിഡന്റ് എന്‍.പി.അഷറഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.സി.പവിത്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!