NewsTourismTrending

ടൂറിസംമേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മക്ക് പരിഹാരം കാണും: മന്ത്രി കടകംപള്ളി


വടകര: പയം കുറ്റിമലയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.
കേരളത്തിന്റെ ഭാവി ടൂറിസമാണെന്നും ടൂറിസം മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ക്ക് പരിഹാരം കാണാനും ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനത്തില്‍ അര ലക്ഷത്തില്‍പരം യൂണിറ്റുകള്‍ കേരളത്തിന്റെ പല ഭാഗത്തും സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. സര്‍വതലസ്പര്‍ശിയായ വികസനമാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഐക്യകേരള രൂപീകരണത്തിനു ശേഷം ടൂറിസം രംഗത്ത് മലബാര്‍ അവഗണിക്കപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായ സമയത്താണ് അതിന് മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ലോകനാര്‍കാവിനേയും ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വടകര ടൗണ്‍ പൈതൃകനഗരം പദ്ധതി, തച്ചോളി മാണിക്കോത്ത് കാവ് എന്നിവയും തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനില്‍ നിന്നും ഭൂമിയുടെ സമ്മതപത്രം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി, ജില്ലാ പഞ്ചായത്തംഗം ആര്‍.ബാലറാം, സഫിയ മലയില്‍, വി.പി റിഷ.ബാബു കൊടക്കാട്ട്, പാലേരി രമേശന്‍, എം.നാരായണന്‍, എന്‍.ബി പ്രകാശ് കുമാര്‍, ചെറിയത്ത് വിനോദന്‍, പുത്തലത്ത് റഷീദ് ഹാജി, പ്രശാന്ത് ആറോത്ത്, പി.പി.മുരളി, സന്തോഷ് കുമാര്‍ വിയോത്ത്, ടി.മോഹന്‍ദാസ്, പി.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ സ്വാഗതവും വിനോദ സഞ്ചാര വകുപ്പ് ജോ. ഡയറക്ടര്‍ സി.എന്‍.അനിതകുമാരി നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!