NewsVatakara

കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവം 15 മുതല്‍ 21 വരെ


വടകര: പ്രസിദ്ധമായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവം 15 മുതല്‍ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ കലാപരിപാടികളും സാംസ്‌കാരിക പ്രഭാഷണങ്ങളും അനുമോദന ചടങ്ങും വിവിധ ദിവസങ്ങളിലായി നടക്കും.
ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടക്കുന്ന ക്ഷേത്രമാണിത്. ജാതി-മത പരിഗണനകളിലാതെ കുട്ടിച്ചാത്തനില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും സാധിക്കും. നാനാജാതി മതസ്തരായ നിരവധിപേരാണ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇവിടെ എത്തുന്നത്. കുട്ടിച്ചാത്തന്‍, ഗുളികന്‍ വെളളാട്ടുകള്‍, പായസദാനം, കലശം എന്നിവയാണ് പ്രധാന വഴിപാടുകള്‍. ആഴ്ചയില്‍ ആറു ദിവസവും നടക്കുന്ന നേര്‍ച്ചവെളളാട്ടുകള്‍ 2035 വരെയും പായസദാനം 2025 വരെയും മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രാരാധനയിലൂടെ ആതുരശ്രുശൂഷ, സാമൂഹ്യസേവനം, സാംസ്‌കാരികവളര്‍ച്ച, സമുദായ മൈത്രി, ഏവര്‍ക്കും ആരാധനാ സ്വാതന്ത്ര്യം എന്നതാണ് ക്ഷേത്രഭരണസമിതിയുടെ പൊതുനയമെന്ന് ഇവര്‍ വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാലു ലക്ഷം രൂപ നല്‍കി. മലയാളത്തിലെ മുഖ്യധാരപത്രങ്ങളും മാസികകളും മികച്ച റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്ള ലൈബ്രറി ക്ഷേത്രത്തോടനുബന്ധിച്ച് ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആയുര്‍വേദ – അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ക്ലിനിക്കും നടത്തിവരുന്നു. സൗജന്യനിരക്കിലാണ് ഇതിന്റെ സേവനങ്ങള്‍. പാവപ്പെട്ടവര്‍ക്കും വൃദ്ധര്‍ക്കും മരുന്നിലൂള്‍പ്പടെ പ്രത്യേക ഇളവുകളും നല്‍കിവരുന്നു. വര്‍ഷംതോറും സൗജന്യ മെഡിക്കല്‍ ക്യാമ്പകള്‍ സംഘടിപ്പിക്കുന്നു. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഓഡിറ്റോറിയവും വിവാഹമണ്ഡപവും മിനി കോണ്‍ഫറന്‍സ് ഹാളുമുണ്ട്. സ്ത്രീകളും യുവാക്കളും ഉള്‍പെടെയുളളവര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ഇതുവഴി സാധിക്കുന്നു. പ്രദേശത്തു നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കുന്നവര്‍ക്ക് അനുമോദനം,
നിര്‍ധനര്‍ക്ക് റേഷന്‍ വാങ്ങാന്‍ സഹായം, മാരകരോഗം പിടിപെട്ടവര്‍ക്കു ചികിത്സാസഹായം, അര്‍ഹരായവര്‍ക്ക് വിവാഹ ധനസഹായം, പ്രാദേശിക കലാസമിതികള്‍ക്ക് സഹായവും പ്രോത്സാഹനവും എന്നിവയും നല്‍കുന്നു.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 15ന് അനുമോദന സായാഹ്നം, 16 ന് ആര്‍്ട്‌സ് വിഷന്‍ ഡാന്‍സ് നൈറ്റ്, 17 ന് എക്കൊ നൈറ്റ്, സ്റ്റാര്‍ നൈറ്റ്, 19 ന് വെള്ളാട്ടിന് ശേഷം ധ്വനി നൈറ്റ്, 20 ന് വിവിധ വെള്ളാട്ടുകള്‍ക്ക് പുറമെ വിവിധ പൂക്കലശം വരവ്, വെളളാട്ടം, ‘വേനലവധി’ നാടകം എന്നിവ ഉണ്ടാകും. 21 ന് കലശം വരവ്, ഗുളികന്‍, കുട്ടിച്ചാത്തന്‍ തിറ, തിരുമുടി വെപ്പ് എന്നീ ചടങ്ങുകള്‍ നടക്കും. അന്ന് 11 മണി മുതല്‍ ഏവര്‍ക്കും ഉച്ചഭക്ഷണം ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എ.അശോകന്‍, സെക്രട്ടറി മലയില്‍ രാജന്‍, ഖജാന്‍ജി സദാനന്ദന്‍ മണിയോത്ത്, വൈസ് പ്രസിഡന്റുമാരായ ടി.പി.ദാമോദരന്‍, എം.കെ.ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!