BusinessNews

അംഗീകാരത്തിന്റെ നിറവില്‍ നാളികേര കമ്പനി; മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി

വടകര: മികച്ച കാര്‍ഷികോല്‍പന്ന വിപണനത്തിനു സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്ന പോസ്റ്റ് ഹാര്‍വസ്റ്റ് ഇന്റര്‍വെന്‍ഷന്‍ അവാര്‍ഡ് നേടി വടകര കോക്കനട്ട് ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി അംഗീകാരത്തിന്റെ നിറവില്‍. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറില്‍ നിന്നു കമ്പനി ഭാരവാഹികള്‍ ഏറ്റുവാങ്ങി. കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണനം നടത്തുന്ന സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യമേഖലാ സംരംഭകരില്‍ നിന്ന് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചവര്‍ക്കുള്ളതാണ് ഈ അവാര്‍ഡ്.
2017 ലെ സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൊഡ്യൂസര്‍ കമ്പനിക്കുള്ള നബാര്‍ഡിന്റെ അവാര്‍ഡ്, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനുള്ള കൃഷിഭൂമി അവാര്‍ഡ്, 2018 ല്‍ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ മികച്ച കര്‍ഷക ക്ഷേമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എന്നിവ ഈ കമ്പനിക്കു ലഭിച്ചു. ലോക നാളികേര ദിനത്തിനോടനുബന്ധിച്ച് തായ്‌ലാന്റില്‍ നടന്ന സമ്മേളനത്തില്‍ നീരയെപ്പറ്റി പ്രബന്ധമവതരിപ്പിക്കുന്നതിനുള്ള അവസരം ഡീകോക്കോസിനു ലഭിച്ചു.
ഏഴുമാസം വരെ നീര കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതായി കമ്പനി ഭാരവാഹികള്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ വിദേശത്ത് നിന്നടക്കം കൂടുതല്‍ ഓര്‍ഡര്‍ കിട്ടാനുള്ള സാധ്യത ഏറിയതായി ഇവര്‍ പറഞ്ഞു.
2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് 12 പഞ്ചായത്തിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും 30,100 നാളികേര കര്‍ഷകര്‍ അംഗങ്ങളും 8,000 ഷെയര്‍ ഉടമകളുമുണ്ട്. നാലു കോടി 40 ലക്ഷം രൂപ കര്‍ഷകരില്‍ നിന്ന് ഷെയര്‍ പിരിച്ചും നാളികേര വികസന ബോഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയില്‍ നിന്നുള്ള സാമ്പത്തിക സഹായവും കൈമുതലാക്കിയാണ് പ്രവര്‍ത്തനം. ചെമ്മരത്തൂരിലും മണിയൂരിലും സ്ഥലം വാങ്ങി രണ്ട് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്, നീര, വെളിച്ചെണ്ണ അടക്കം 18 ഉല്‍പന്നങ്ങള്‍ ഡികോക്കോസ് ബ്രാന്റില്‍ മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്. സിങ്കപ്പൂര്‍, ബഹറിന്‍ എന്നിവിടങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചു കോടി 61 ലക്ഷം രൂപയുടെ വിറ്റുവരവു നടത്തി.
എല്ലാ മാസവും സൊസൈറ്റി പ്രസിഡന്റുമാരുടെ കൂടിച്ചേരല്‍, എല്ലാ ആഴ്ചയും ഡയറക്ടര്‍മാരുടെ മീറ്റിംഗ്, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം സൊസൈറ്റി പ്രസിഡന്റുമാര്‍ക്ക് രണ്ടു ദിവസത്തെ പഠന ക്ലാസ്, ഉല്‍പന്ന പ്രചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും 11 ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശന വിപണനമേള എന്നിവ നടത്തുന്നു. കമ്പനി പ്രവര്‍ത്തനങ്ങളും കാര്‍ഷിക രംഗത്തെ കാലിക പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മാസിക പുറത്തിറക്കല്‍, ഇടവേളകൃഷി പ്രോത്സാഹിപ്പിക്കല്‍, ഔട്ട്‌ലറ്റ് സ്ഥാപിക്കല്‍ എന്നിവയും കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
വാര്‍ത്താസമ്മേളനത്തില്‍ കമ്പനി ചെയര്‍മാന്‍ പ്രൊഫ.ഇ.ശശീന്ദ്രന്‍, സെക്രട്ടറി ഇ.കെ.കരുണാകരന്‍, വൈസ്‌ചെയര്‍മാന്മാരായ സദാനന്ദന്‍ കൊക്കഞ്ഞാത്ത്, കെ.പി.വി.പിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു .

Show More

Related Articles

Back to top button
error: Content is protected !!