NadapuramNews

മലയോരത്ത് കള്ളത്തോക്കുകള്‍ വ്യാപകം; ഉറവിടം കണ്ടെത്താനാവതെ പോലീസ്


ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന മലയോര മേഖലകളില്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകള്‍ വ്യാപകം. ഉറവിടം കണ്ടെത്താനാവാതെ പോലീസ്. വളയം, കുറ്റ്യാടി, തൊട്ടില്‍പാലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മലയോര മേഖലകളിലാണ് ഇടവേളകള്‍ക്ക് ശേഷം ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് വാണിമേലില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ആറ് തിരകള്‍ ഉപയോഗിക്കാവുന്ന നാടന്‍ റിവോള്‍വര്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുസംബന്ധിച്ചു വളയം പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മാവോയിസ്റ്റ് ഭീഷണി സജീവമായ മേഖലകളാണ് വളയം, കുറ്റ്യാടി, തൊട്ടില്‍പാലം സ്റ്റേഷനുകള്‍ക്കു കീഴില്‍ വരുന്ന പ്രദേശങ്ങള്‍.
നാദാപുരം എക്‌സൈസ് സംഘം മൊകേരിക്കടുത്ത കായക്കൊടിയില്‍ ചാരായ വേട്ടക്കിടെ പ്രതിയുടെ വീട്ടില്‍ നിന്ന് അടുത്തിടെ ഇരട്ടക്കുഴല്‍ നാടന്‍ തോക്ക് പിടികൂടിയിരുന്നു. മേഖലയില്‍ ചാരായം വാറ്റി വിതരണം ചെയ്യുന്ന യുവാവിവില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. തോക്ക് പിന്നീട് തൊട്ടില്‍പാലം സ്റ്റേഷന് കൈമാറി കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം ഒന്നും നടന്നില്ലത്രെ. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാത്രി വിലങ്ങാട് ഇന്ദിരനഗറില്‍ നായാട്ടിനിടെ തോക്കില്‍ നിന്ന് വെടിയേറ്റ് യുവാവ് കൊല്ലപ്പെടുന്നത്. പ്രതിയില്‍ നിന്ന് കണ്ടെത്തിയ തോക്ക് യുവാവ് തന്നെ മൃഗങ്ങളെ വേട്ടയാടുന്നതിനായി നിര്‍മിച്ചതാണെന്നാണ് കുറ്റ്യാടി പോലീസിന് മൊഴി നല്‍കിയത്. എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാര്‍ പറഞ്ഞു

Show More

Related Articles

Back to top button
error: Content is protected !!