NadapuramNewsTrending

നായാട്ടിനിടെ യുവാവ് മരിച്ച സംഭവം: പ്രതി റിമാന്റില്‍

നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ ഇന്ദിരനഗറില്‍ നായാട്ടിനിടെ സുഹൃത്തിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വിലങ്ങാട് ഇന്ദിരനഗര്‍ സ്വദേശി മണ്ടേപുറം റഷീദ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പുള്ളിപ്പാറ വനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അപകടം നടന്നത്. റഷീദിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വളയംതോട്ടിയില്‍ ലിബിന്‍ മാത്യവിനെ (31) കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.
അപകടം നടന്ന സ്ഥലത്തിന് 200 മീറ്ററുകള്‍ അകലെയുള്ള കാരാല്‍ സലീമിന്റെ വീടിന്റെ പിന്‍ഭാഗത്ത് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ തിരയ്ക്ക് ഉപയോഗിക്കാന്‍ സൂക്ഷിച്ച് വെച്ച ഈയ്യക്കട്ട, പൊട്ടാസ്യം, ഗന്ധകം, രണ്ട് ടോര്‍ച്ച് ബാറ്ററി, നായാട്ടിനിടെ തലയ്ക്ക് ഉപയോഗിക്കുന്ന ടോര്‍ച്ച് എന്നിവ എഎസ്പിയുടെ നേതൃത്വത്തില്‍ ലിബിനെ തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസ് കണ്ടെത്തി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത നാടന്‍ തോക്ക് സ്വന്തമായി നിര്‍മിച്ചതാണെന്ന് ലിബിന്‍ പോലീസിന് മൊഴി നല്‍കി.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് റഷീദും ലിബിനും നാടന്‍ തോക്കുമായി വേട്ടക്കിറങ്ങിയത്. ഇവരുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ദൂരെ കണ്ടോത്ത് കുനി കമ്പനി മുക്കില്‍ അമ്മദിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ ലിബിന്‍ മാത്യുവിന്റെ കൈയ്യിലുണ്ടായിരുന്ന ഒറ്റക്കുഴല്‍ നാടന്‍ തോക്കില്‍ നിന്ന് റഷീദിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 20 മീറ്റര്‍ ദൂരെ നിന്നാണ് റഷീദിന് വെടിയേറ്റത്. തുടര്‍ന്ന് ലിബിന്‍ വിവരം സമീപത്തെ വീട്ടിലും മറ്റും അറിയിക്കുകയായിരുന്നു. പരിക്കേറ്റ റഷീദിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം അന്വേഷിച്ചതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. അപ്പോഴേക്കും തലയില്‍ ചെവിക്ക് മുകളിലായി വെടിയേറ്റ റഷീദ് മരിച്ചിരുന്നു.
കുറ്റ്യാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. നാദാപുരം എഎസ്പി അശോക് അംഗിത്ത്, ഡിവൈഎസ്പി സുബ്രഹ്മണ്യന്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.നീതു, സയന്റിഫിക്ക് വിഭാഗം ഓഫീസര്‍ ഡോക്ടര്‍ എ.കെ.ഹെല്‍ന്ന, വിരലടയാള വിദഗ്ധരായ ജിജേഷ് പ്രസാദ്, പ്രബീഷ് ചന്ദ്രന്‍ എന്നിവരും സ്ഥലത്ത് പരിശോധന നടത്തി. കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാര്‍, എസ്‌ഐ പി.റഫീഖ്, എഎസ്‌ഐ കെ.വി.അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Show More

Related Articles

Back to top button
error: Content is protected !!