NewsTrendingVatakara

മോദി രാജ്യത്തെ നയിക്കുന്നത് പിറകോട്ടേക്ക്: മണിശങ്കര്‍ അയ്യര്‍


വടകര: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പതിറ്റാണ്ടുകളായി നേടിയ വികസന മൂല്യങ്ങളെ തച്ചുതകര്‍ത്ത് പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണി ശങ്കര്‍അയ്യര്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയും ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അക്കാദമിയും സംയുക്തമായി വടകരയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വിഭാവനം ചെയ്തതും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ടുവന്നതുമായ കാര്‍ഷിക മേഖലയും മറ്റ് അടിസ്ഥാന മേഖലകളും തകര്‍ന്ന് തരിപ്പണമായി. ചെറുകിട വ്യവസായങ്ങളും ഗ്രാമീണ വ്യവസായങ്ങളും നോട്ട് നിരോധനത്തോടെ വീണ്ടെടുക്കാനാവാത്തവിധം തകര്‍ച്ചയിലായി. നോട്ട് നിരോധനംകൊണ്ട് ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും അന്തകനായി മോദി മാറി. കള്ളപ്പണം വീണ്ടെടുക്കാനെന്ന പേരില്‍ കൊണ്ടുവന്ന നോട്ട് നിരോധനം പ്രഹസനമായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പമുള്ളവരും അല്ലാത്തവരുമായ എല്ലാ സാമ്പത്തിക വിദഗ്ധരും ഒരേ സ്വരത്തില്‍ പറയുകയാണ്. നവ ഭാരതമെന്ന മോദിയുടെ വാഗ്ദാനം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി ഒതുങ്ങി. രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം മാത്രംമതി ഇത് മനസിലാക്കാന്‍. രാജ്യത്തെ വന്‍കിട വ്യവസായികള്‍ക്കുപോലും ഭരിക്കുന്നവരെ ഭയമാണെന്ന് മുഖത്തുനോക്കി പറയേണ്ട അവസ്ഥയാണുള്ളത്. ഇല്ലാത്ത ബിരുദം ഉണ്ടെന്ന് കളവുപറഞ്ഞാണ് മോദി രാജ്യത്തെ കബളിപ്പിച്ചത്. 2017ലെ രാജ്യത്തിന്റെ ചിത്രവും ഇന്നത്തേതും തമ്മില്‍ വലിയ അന്തരമുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്നം പൊലിയുകയാണെന്ന് അടുത്തു നടന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാം കാണിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല, അത് ദേശീയതയിലൂന്നിയ വികാരമാണ്. അത് തിരിച്ചുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ബി.എ.പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ഇ.നാരായണന്‍ നായര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, വി.എം.ചന്ദ്രന്‍, അഡ്വ. ഐ.മൂസ, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!