KoyilandyNews

പയ്യോളി കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും പോര്; ബ്ലോക്ക് സെക്രട്ടറിക്കു സസ്‌പെന്‍ഷന്‍

പയ്യോളി : കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചെറിയാവി സുരേഷ് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി ചര്‍ച്ചയാവുന്നു. എ ഗ്രൂപ്പില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചതെന്നു പറയുന്നു.
ഇരിങ്ങല്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനത്തേക്ക് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചയാള്‍ക്കെതിരെ മത്സരിച്ചതിനാണ് സുരേഷ്ബാബുവിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് നല്കിയ പരാതിയിലാണ് ജില്ലാ പ്രസിഡന്റ് ടി സിദ്ദിഖ് അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി നിര്‍ദേശം മറികടന്ന് മത്സരിച്ച സുരേഷ്ബാബു ജയിക്കുകയും ചെയ്തു.
സുരേഷ്ബാബുവിനെ ആറ് മാസത്തേക്ക് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയതായാണ് ജില്ലാ പ്രസിഡന്റിന്റെ അറിയിപ്പ്. എ.ഗ്രൂപ്പുകാര്‍ തന്നെ കുറച്ചുകാലമായി രസത്തിലല്ല. ഇതിന്റെ തുടര്‍ച്ചയായാണ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം മാനിക്കാതെ സുരേഷ്ബാബു മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ സുരേഷ് ബാബുവിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!