Gulf News

നാല്‍പതാമത് ഗള്‍ഫ് ഉച്ചകോടി പത്തിനു റിയാദില്‍


റിയാദ്: നാല്‍പതാമത് ഗള്‍ഫ് ഉച്ചകോടി ഡിസംബര്‍ പത്തിനു റിയാദില്‍ നടക്കുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി അറിയിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ഗള്‍ഫ് ഉച്ചകോടിക്കു മുന്നോടിയായി ഒമ്പതാം തിയതി തിങ്കളാഴ്ച വിദേശ മന്ത്രിമാര്‍ സന്നാഹ യോഗം ചേരും. രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അംഗ രാജ്യങ്ങള്‍ തമ്മില്‍ സഹകരണവും സംയോജനവും ശക്തമാക്കുന്നതിനുള്ള ഏതാനും സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിക്കിടെ നേതാക്കള്‍ വിശകലനം ചെയ്യും.
മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യും. ഗള്‍ഫ് ഐക്യവും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തമാക്കുന്ന സൃഷ്ടിപരമായ തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ കൈക്കൊള്ളുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി പറഞ്ഞു.
ഉച്ചകോടിയുടെ സംഘാടനവും അജണ്ടകളും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് സെക്രട്ടറി ജനറല്‍ ഇന്നലെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!