EducationTrending

വിദ്യാലയ വികസനത്തിന് സംയോജിത സഹകരണം ആവശ്യം : ചെന്നിത്തല


വടകര: അനുദിനം വികസിക്കുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കി വിദ്യാലയങ്ങള്‍ വികസിക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രം സാധിക്കില്ലെന്നും സംയോജിത സഹകരണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമൊപ്പം അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും പൂര്‍വ വിദ്യാര്‍ഥികളും പൊതു സമൂഹമുള്‍പ്പെടെയുള്ള ഘടകങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ലക്ഷ്യം കടന്നുള്ള നേട്ടങ്ങള്‍ സാധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.
പഴയ കാലത്ത് സാക്ഷരരും നിരക്ഷരരും തമ്മിലുള്ള അന്തരം പോലെയാണ് ഇന്ന് കംപ്യൂട്ടര്‍ വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരും തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ പഠന പ്രവര്‍ത്തനങ്ങളും പാഠ്യേതരപ്രവര്‍ത്തനങ്ങളും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ഒരുവിരല്‍ സ്പര്‍ശത്തിലൂടെ അറിയാനും ഇടപെടാനും സാധിക്കുന്ന ഈ സംവിധാനം കേരളത്തിന് ഒട്ടാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ തോടന്നൂര്‍ എംഎല്‍പി സ്‌കൂളില്‍ നടപ്പാക്കിയ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം, അധ്യാപനം, പഠനേതരപ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്മെന്റ് , യാത്രാവാഹനം തുടങ്ങി വിദ്യാലയ സംബന്ധമായ എല്ലാ കാര്യങ്ങളൂം രക്ഷിതാക്കള്‍ക്ക് ഒരു വിരല്‍ സ്പര്‍ശത്തില്‍ എവിടെ വെച്ചും അറിയാവുന്ന രീതിയിലാണ് ഡിജിറ്റലൈസേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവിന് മാനേജ്മെന്റിന്റെ ഉപഹാരം മാനേജര്‍ പി.എം മൊയ്തീന്‍ മൗലവി, സെക്രട്ടറി ഇ.കെ. അബ്ദുല്ല എന്നിവര്‍ ചേര്‍ന്നു നല്‍കി.
പഞ്ചായത്തംഗങ്ങളായ ഡി.പ്രജീഷ്, എഫ്.എം.മുനീര്‍, എഇഒ കെ.ഹരീന്ദ്രന്‍, പി.എം രമേശ്കുമാര്‍, സി.വി.ഹമീദ്, എ.ടി അബ്ദൂല്ല, എം.ടി രാജന്‍ , ടി. രാഘവന്‍ , മുനീര്‍ പറമ്പത്ത് , കെ.കെ.യൂസഫ് , ഷജിന സലീഷ് , ആര്‍. മജീദ് , പി.എം അബ്ദൂല്‍ റഷീദ് , രാധാ വിശ്വനാഥ് , ലീജിഷ രജീഷ് സംസാരിച്ചു. പ്രധാനാധ്യാപകന്‍ സൈദ് കുറുന്തോടി സ്വാഗതവും സന്ധ്യാഷനില്‍ നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!