NadapuramNews

ഈ വേനലിലും വളയത്ത് കുടിവെള്ളം കിട്ടാക്കനിയാവും

നാദാപുരം: കോടികള്‍ മുടക്കി നടപ്പിലാക്കിയ കുന്നുമ്മല്‍ പദ്ധതിയല്‍ നിന്ന് വളയത്തുകാര്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന് പരാതി. കുന്നുമ്മല്‍ പദ്ധതിയുടെ ഭാഗമായാണ് വളയം പഞ്ചായത്തിലും വെള്ളമെത്തിക്കാന്‍ സംവിധാനങ്ങളൊരുക്കിയത്. ഇതിനായി നാല് ലക്ഷത്തോളം ലിറ്റര്‍ ശേഷിയുള്ള സംഭരണി നിരവുമ്മലില്‍ നിര്‍മിക്കുകയും ചെയ്തിരുന്നു.
കുറ്റ്യാടി പുഴയില്‍ നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് കായക്കൊടി കോവുക്കുന്നിലെ പ്രധാന സംഭരണിയിലെത്തിച്ച ശേഷം ഗ്രാവിറ്റി സംവിധാനത്തിലൂടെയാണ് മറ്റ് വിവിധ സംഭരണികളിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് എട്ട് മാസം കഴിഞ്ഞിട്ടും വളയത്തെ പല ഭാഗത്തും വെള്ളമെത്തിക്കാനായില്ല.
സംഭരണിയില്‍ വെള്ളമുണ്ടെങ്കിലും വിതരണ ലൈനിലെ പാകപ്പിഴ കാരണം ഉപഭോക്താക്കള്‍ക്ക് വെള്ളം കിട്ടുന്നില്ല.
സംഭരണിയില്‍ നിന്ന് എളുപ്പത്തില്‍ വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പ് സ്ഥാപിക്കാമായിരുന്നിട്ടും വിതരണ ലൈനിന്റെ അഭാവം പ്രധാന കുഴപ്പമാണെന്ന് പറയുന്നു. റോഡ് മുറിച്ച് ഓരോ ഭാഗമായി ലൈന്‍ സ്ഥാപിച്ചിരുന്നെങ്കില്‍ കൃത്യമായി വെള്ളമെത്തുമായിരുന്നു. എന്നാല്‍ റോഡ് മുറിക്കാന്‍ അനുമതി തേടാനൊന്നും നടത്തിപ്പുകാര്‍ തയ്യാറായില്ല. നിരവുമ്മല്‍ സംഭരണിയില്‍ നിന്ന് ചില ഭാഗത്തേക്ക് സ്ഥാപിച്ച വിതരണ ലൈന്‍ പരിശോധിച്ചാല്‍ തന്നെ അക്കാര്യം വ്യക്തമാകും. എസ്റ്റിമേറ്റിന് വിരുദ്ധമായി ലൈന്‍ സ്ഥാപിച്ചതോടെ സംഭരണിയില്‍ നിന്ന് വിതരണ ലൈനില്‍ പൂര്‍ണമായും വെള്ളമെത്താത്ത അവസ്ഥ സംജാതമായി.
കോഴിക്കോട് പ്രൊജക്ട് വിഭാഗമാണ് പ്രവൃത്തി നടത്തിയത്. മാര്‍ച്ചില്‍ മന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പദ്ധതി വാട്ടര്‍ അതോറിറ്റിയുടെ വടകര ഡിവിഷന് കൈമാറി. എല്ലായിടത്തും പൂര്‍ണമായി വെള്ളമെത്തുമോ എന്ന് പരിശോധിക്കാതെ ധൃതിയില്‍ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ നടത്തിപ്പിന് ആദ്യ ഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചവരാണ് ഡിവിഷന് കീഴിലുള്ള പല ഉദ്യോഗസ്ഥരും. വെള്ളമെത്തുന്നില്ലെന്ന പരാതി ശക്തമായാല്‍ അന്വേഷണത്തെ നേരിടേണ്ടി വരുമെന്നതിനാലാണ് പെട്ടെന്ന് ഏറ്റെടുക്കാന്‍ തയ്യാറായത്. പിന്നീട് പുതിയ ഫണ്ടിനായി അപേക്ഷിച്ച് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ഇടക്കിടെ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും വെള്ളമെത്തിക്കാനാകുന്നില്ല. മൂന്ന് മാസം കൊണ്ട് പദ്ധതി പ്രദേശമായ ഏഴ് പഞ്ചായത്തുകളിലും വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഒരു മാസം കൊണ്ട് നല്‍കുമെന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനം കേട്ട മന്ത്രി രണ്ട് മാസം കൂടുതല്‍ അനുവദിക്കുകയായിരുന്നു.
കുടിവെളള ക്ഷാമം നേരിടുന്ന ഭാഗങ്ങളിലെ 150ഓളം ഉപഭോക്താക്കള്‍ അപേക്ഷ നല്‍കിയെങ്കിലും വിതരണ ലൈന്‍ സ്ഥാപിക്കാത്തത് കാരണം കണക്ഷന്‍ നല്‍കിയിട്ടില്ല. വിതരണ ലൈന്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി തിരുവനന്തപുരത്തേക്ക് അയച്ചിട്ട്ുണ്ടെന്നാണ് അറിയുന്നത്. എസ്റ്റിമേറ്റ് പാസായി വന്നാല്‍ മാത്രമേ ഈ ഭാഗങ്ങളില്‍ വിതരണ ലൈന്‍ സ്ഥാപിച്ച് ഉപഭോക്താക്കള്‍ക്ക് കുടിവെളളം വിതരണം ചെയ്യാന്‍ കഴിയുകയുളളൂ. അതായത് ഈ വേനലിലും കുടിവെളളം കിട്ടില്ലെന്നു കണക്കാക്കാം.

Show More

Related Articles

Back to top button
error: Content is protected !!