NewsVatakara

അഴിയൂര്‍ ഇനി ഫിലമെന്റ് രഹിത പഞ്ചായത്ത്


വടകര: മൂന്ന് മാസമായി നടന്ന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു. തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍ പ്രഖ്യാപനം നിര്‍വഹിച്ചു.
ഇതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും 275 എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. ഒന്നിന് 50 രൂപ നിരക്കിലാണ് വിതരണം. ആകെ 5,000 ബള്‍ബുകളാണ് വിതരണം ചെയ്യുക. 12,600 കണക്ഷനുള്ള അഴിയൂരില്‍ പ്രതിമാസം 16 ലക്ഷം യുനിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇത് മൂന്നു മാസത്തിനുള്ളില്‍ 12 ലക്ഷമായി കുറക്കുന്നതിനുള്ള ഇടപെടലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫിലമെന്റ് ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ നല്‍കും. ഊര്‍ജ ഉപയോഗം എങ്ങനെ കുറക്കാം എന്ന കൈ പുസ്തകം എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ട്.
കുഞ്ഞിപ്പള്ളി ആത്മ വിദ്യാസംഘം ഓഫീസ് പരിസരത്ത് നടന്ന പ്രഖ്യാപന ചടങ്ങ് സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന എല്‍ഇഡി ബള്‍ബുകളുടെ വാര്‍ഡ്തല ലിസ്റ്റ് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ സുധ മാളിയക്കല്‍, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പറമ്പത്ത്, ഊര്‍ജമിത്രം പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അഡ്വ.സന്തോഷ്, മുന്‍ പ്രസിഡന്റ് ഇ.ടി.അയ്യൂബ്, വാര്‍ഡ് മെമ്പര്‍മാരായ സുകുമാരന്‍ കല്ലറോത്ത്, സാഹിര്‍ പുനത്തില്‍, കുടുംബശ്രീ ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ആയിഷ ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫിലമെന്റ് രഹിത ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയരക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കുന്നു
Show More

Related Articles

Back to top button
error: Content is protected !!