ലീഗില്‍ അസ്വാരസ്യം; വടകര ടൗണ്‍ സെക്രട്ടറി രാജിവെച്ചു

0
1302

വടകര: മുസ്ലിംലീഗിനു ശക്തമായ വേരോട്ടമുള്ള വടകരയിലെ ടൗണ്‍ കമ്മിറ്റി സെക്രട്ടറി ടി.ഐ.നാസര്‍ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം രാജിവെച്ചതെന്നു പറയുന്നുണ്ടെങ്കിലും ചില അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ parco - Copyഉണ്ടെന്നാണ് വിവരം.
മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടിയില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ പ്രമുഖനായ സെക്രട്ടറി പൊടുന്നനെ സ്ഥാനമൊഴിഞ്ഞത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സ്ഥാനത്യാഗത്തിനു പിന്നില്‍ ചിലരോടുള്ള അതൃപ്തിയാണെന്ന ആക്ഷേപം ശക്തമാണ്. മനാറുല്‍ ഇസ്ലാംസഭയുടെ (എംഐ) ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ഭിന്നാഭിപ്രായമാണ് രാജിയില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. എംഐ സഭയുടെ ഭരണസമിതിയില്‍ ലീഗ് ടൗണ്‍ കമ്മിറ്റിയുടെ പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും ഒരാള്‍ മതിയെന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ എംഐ സഭാ വിഷയവുമായി രാജിക്കു ബന്ധമില്ലെന്നു വ്യക്തമാക്കുന്ന നാസര്‍ വ്യക്തിപരമായ കാര്യങ്ങളാണ് പിന്നിലെന്നു പറയുന്നു.
ജീവകാരുണ്യ-സേവന സംഘടനയായ തണലിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി സ്ഥാനം രാജിവെച്ചതെന്നാണ് നാസര്‍ പറയുന്നത്. തണലിന്റെ സെക്രട്ടറി കൂടിയാണ് നാസര്‍. അഗതി മന്ദിരവും ഡയാലിസിസ് സെന്ററും സ്‌പെഷ്യല്‍ സ്‌കൂളുമൊക്കെ നടത്തുന്ന തണലിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെട്ടു വരുമ്പോള്‍ പാര്‍ട്ടി സ്ഥാനവുമായി മുന്നോട്ട് പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സാഹചര്യം കണക്കിലെടുത്താണ് സ്ഥാനം രാജിവെച്ചതെന്ന് നാസര്‍ വ്യക്തമാക്കി.
അതേസമയം വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം എന്തുകൊണ്ടു രാജിവെക്കുന്നില്ലെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കുന്നില്ല. രണ്ടാം വാര്‍ഡ് കൗണ്‍സിലറാണ് നാസര്‍. തിരക്കും വ്യക്തിപരമായ വിഷയങ്ങളും ചൂണ്ടിക്കാട്ടി 

555555555555555പാര്‍ട്ടി സ്ഥാനം കൈയൊഴിയുമ്പോള്‍ ഇതേ കാരണം കൗണ്‍സിലര്‍സ്ഥാനത്തിനും ബാധകമല്ലേ എന്നാണ് പാര്‍ട്ടിക്കാര്‍ തന്നെ ചോദിക്കുന്നത്. തണലിന്റെ പ്രവര്‍ത്തനവും പാര്‍ട്ടി പരിപാടികളും കൂട്ടിക്കുഴക്കരുതെന്ന് പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. നാസറിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനം തണലിനു വേണമെന്നുള്ളത്‌കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് നാസറിനെ വലിച്ചെന്നാണ് തണല്‍ പ്രവര്‍ത്തകര്‍ നടത്തിയ കമന്റ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് ടൗണ്‍ കമ്മിറ്റി യോഗം നാസറിന്റെ രാജി സ്വീകരിക്കുകയും ട്രഷറര്‍ എന്‍.പി.അബ്ദള്‍കരീമിനെ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു. പുതിയ ട്രഷററെ കണ്ടെത്തേണ്ടതുണ്ട്. ഏതായാലും നാസറിന്റെ സ്ഥാനത്യാഗം വടകരയിലെ ലീഗ് പ്രവര്‍ത്തകരില്‍ പുതിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയെ നയിക്കേണ്ടത് എല്ലാ അര്‍ഥത്തിലും രാഷ്ട്രീയക്കാരായ ആളുകളായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.