ജൂണിനകം മുഴുവന്‍ പട്ടയവും നല്‍കും: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

0
170

 

കോഴിക്കോട്: ജൂണോടു കൂടി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി അതത് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനുണ്ട്. സര്‍ക്കാറിന്റെ കാലാവധിക്ക് മുന്‍പ് അവ ചെയ്തു തീര്‍ക്കണമെന്ന ദൃഢനിശ്ചയമുണ്ട്. ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 85 ലക്ഷത്തോളം പേര്‍ക്ക്, ചെറുതാണെങ്കിലും സ്വന്തമായി ഭൂമിയും വീടുമുണ്ട്. 11 ലക്ഷം പേര്‍ക്ക് നാട്ടില്‍ സ്വന്തമായി ഭൂമിയും വീടുമുണ്ടെങ്കിലും അവര്‍ വിദേശത്ത് സ്ഥിര താമസമാക്കിയവരാണ്. നാല് ലക്ഷം പേരാണ് സ്വന്തമായി സ്ഥലം പോലുമില്ലാത്തത്. മിച്ചഭൂമിയുണ്ടെങ്കില്‍ അത് വിതരണം ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്നും ഭൂപരിഷ്‌ക്കരണം നടത്തിയ കേരളത്തില്‍ ഭൂരഹിതര്‍ ഉണ്ടെന്നു പറയുന്നത് സംസ്ഥാനത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 73,000 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ 30,000 പേര്‍ക്കു കൂടി പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.ഭരണത്തിലേറി രണ്ടു വര്‍ഷത്തിനകം രണ്ടു വര്‍ഷത്തിനകം ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം എന്ന ലക്ഷ്യമാണ് ഇതോടെ tttപൂര്‍ത്തീകരിക്കുന്നത്.
ചടങ്ങില്‍ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പട്ടയം കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, എം.എല്‍.എമാരായ ജോര്‍ജ്ജ്.എം. തോമസ്, കാരാട്ട് റസാഖ്, വി.കെ.സി. മമ്മദ് കോയ, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, സി.കെ. നാണു, ഇ.കെ. വിജയന്‍ എ.ഡി.എം രോഷ്ണി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.ബിജു, കെ.എന്‍ റംല, കെ.ഹിമ, തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഇ.അനിത കുമാരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ പി. മോഹനന്‍, കെ ലോഹ്യ, നവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പട്ടയമേള : ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പ് സഫലം
ആയിരത്തി അഞ്ഞൂറിലധികം ആളുകളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും കണ്ണീരിനും അറുതിയായി ജില്ലാതല പട്ടയമേള. പട്ടയമേളയില്‍ ആദ്യത്തെ പട്ടയം മന്ത്രി ഇ ചന്ദ്രശേഖരന്റെ കൈയ്യില്‍ നിന്നും ഏറ്റ് വാങ്ങിയപ്പോള്‍ കൈവേലി സ്വദേശിനി പി.പി ചീരു എന്ന ചീരു അമ്മയുടെ 42 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായത്. കൈകളിലേക്ക് എത്തിയ പട്ടയരേഖ നെഞ്ചോട് ചേര്‍ത്തപ്പോള്‍ നിറഞ്ഞ കണ്ണൂകള്‍ തുടക്കാന്‍ മകന്‍ അശോകന്‍ അവര്‍ക്കരികില്‍ തന്നെയുണ്ടായിരുന്നു. 70 വയസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ചീരു അമ്മ light-4-Parcoവീട്ടിലേക്ക് മടങ്ങിയത്.
നിരന്തരമായി അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കിടയില്‍ നിന്നാണ് മേപ്പയ്യൂര്‍ സ്വദേശി സൂപ്പി പട്ടയം വാങ്ങാനെത്തിയത്. നടക്കാന്‍ ബുദ്ധിമുട്ടുണ്ടങ്കിലും പട്ടയം കിട്ടിയ സന്തോഷത്തിലാണ് സൂപ്പി. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടയഭൂമി പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് ചീരു അമ്മയും സൂപ്പിയും താമരശ്ശേരി സ്വദേശി തോമസും ഉള്‍പ്പടെയുള്ള ആയിരങ്ങള്‍ പട്ടയരേഖകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.
1504 പട്ടയങ്ങളാണ് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചീരു അമ്മ കാലങ്ങളായി കൈവശാവകാശം കിട്ടിയ ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങിയത്.