മലിനജലം ഒഴുകുന്നു; തോട്ടില്‍ നാട്ടുകാര്‍ മണ്ണിട്ടു

0
407

വടകര: കരിമ്പനത്തോടിലേക്ക് മലിനജലത്തിന്റെ ഒഴുക്ക് നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ തോടിലെ ഒഴുക്ക് മണ്ണിട്ട് തടസപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് നാട്ടുകാര്‍ സംഘടിതരായെത്തി നാരായണനഗരം ഭാഗത്ത് തോട്ടില്‍ മണ്ണിട്ടത്.
ഈ ഭാഗത്തെ കടകളില്‍ നിന്നു പുറന്തള്ളൂന്ന മലിനജലം ഓവുചാലിലൂടെ ഒഴുകി കരിമ്പനത്തോടില്‍ എത്തുന്നത് ശക്തമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കരിമ്പനത്തോടില്‍ വലിയ തോതില്‍ കക്കൂസ് മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി തോട് സംരക്ഷണസമിതി രംഗത്ത് വന്നത്. നാരായണനഗറിനു സമീപം മൂന്നിടങ്ങളിലായി നാട്ടുകാര്‍ മണ്ണും കല്ലുമിട്ട് തോട് നികത്തിയിട്ടുണ്ട്. തോടിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാതെ ഇനി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് കരിമ്പനത്തോട് സംരക്ഷണസമിതിയുടെ നിലപാട്. നവംബറില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ കരിമ്പനത്തോടില്‍ ദ്രവമാലിന്യം ഒഴുക്കുന്ന ആറ്  സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. ഇത് ഹോട്ടല്‍സമരത്തിനും ഹര്‍ത്താലിനും ഇടയാക്കി. അന്ന് കരിമ്പനത്തോടില്‍ നിന്നു ശേഖരിച്ച ദ്രവമാലിന്യം സിഡബ്ല്യുആര്‍ഡിഎമ്മില്‍ നടത്തിയ പരിശോധനയില്‍ light-4-Parcoവന്‍തോതില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഞായറാഴ്ച വൈകീട്ട് കരിമ്പനപ്പാലം നിവാസികള്‍ പ്രകടനമായി നാരായണനഗറിലെത്തി തോട് നികത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപവും പുതിയ സ്റ്റാന്‍ഡ് ഭാഗത്തും സഹകരണാ ശുപത്രിക്ക് സമീപവും ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ദ്രവമാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 15 ദിവസത്തിനകം ദ്രവമാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദേശം നഗരസഭ നല്‍കിയിരുന്നു. ഈ വ്യവസ്ഥയിലാണ് പൂട്ടിയ സ്ഥാപനങ്ങള്‍ തുറന്നത്. എന്നാല്‍ ഈ ഉറപ്പ് ഒരു സ്ഥാപനംപോലും പാലിച്ചില്ലെന്ന് തോട് സംരക്ഷണസമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കിയത്.
. ഇതോടെ കരിമ്പത്തോടിലേക്ക് ഒഴുക്ക് ഒരു പരിധി വരെ കുറഞ്ഞു. ഇതോടൊപ്പം മണ്ണിട്ടതിനു മറുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാനും തുടങ്ങി. ഒഴുക്ക് തുടര്‍ന്നാല്‍ ഈ ഭാഗത്ത് മലിനജലം പൊന്തുകയും അത് കടകളിലേക്ക് കയറുകയും ചെയ്യും.