രാജഹംസത്തെ കൊന്നതില്‍ രോഷവുമായി മെഴുകുതിരികള്‍ തെളിഞ്ഞു

0
409

 

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ ദേശാടനപക്ഷിയായ വലിയ രാജഹംസത്തെ ആക്രമിച്ചു കൊന്ന സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധത്തിന് ജില്ല സാക്ഷ്യം വഹിച്ചു. ജില്ലയിലെ വിദ്യാര്‍ഥികളും അധ്യാപകരും വെള്ളിയാഴ്ച സന്ധ്യയ്ക്ക് 7 മുതല്‍ 7. 15വരെ വൈദ്യുതദീപങ്ങള്‍ അണച്ച് വീടിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു് പ്രതിഷേധിക്കുകയായിരുന്നു.
ജില്ലാഭരണകൂടത്തിന്റെ ‘സീറോ വെയ്സ്റ്റ് പദ്ധതി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിലെ 4500 ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ വീടുകളില്‍ മെഴുകുതിരി കത്തിച്ചതായാണ് പ്രാഥമിക വിവരം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നാടിന്റെ മനസ്സാക്ഷി ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ബഷീര്‍ പറഞ്ഞത് പോലെ ‘അവരും ഭൂമിയുടെ അവകാശികളാണ്’ എന്ന തത്വം അംഗീകരിക്കപ്പെടാന്‍ വ്യത്യസ്തമായ ഒരു പ്രതിഷേധ മാര്‍ഗ്ഗം അവലംബിക്കുകയായിരുന്നു. ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം മറ്റ് സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വൈദ്യുതദീപങ്ങള്‍ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു..
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍, പ്രൊഫ. ശോഭീന്ദ്രന്‍, സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുള്ള സല്‍മാന്‍, വി. ഷീജ, ഷൗക്കത്ത് light-4-Parcoഅലി എരോത്ത്, ഇ.എം.രാജന്‍, ടി.എന്‍.കെ.നിഷ, സില്‍വി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കവയിത്രി സുഗതകുമാരി, ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്‍, കവി പി.കെ.ഗോപി തുടങ്ങിയ പ്രമുഖര്‍ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിച്ചു.
വേങ്ങേരി നിറവ്, ഗ്രീന്‍ കമ്യൂണിറ്റി, പ്രകൃതി സംരക്ഷണ വേദി, ഒയിസ്‌ക കുറ്റ്യാടി ചാപ്റ്റര്‍, നോളജ് ട്രീ ഫൗണ്ടേഷന്‍, എയ്ഞ്ചല്‍സ് വടകര, നാദാപുരം ജനകീയകൂട്ടായ്മ തുടങ്ങി വിവിധ സംഘടനകള്‍ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമീപസ്ഥലങ്ങളായ മാഹി, കണ്ണൂര്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു മാത്രമല്ല തിരുവനന്തപുരത്തു നിന്നു പോലും ആളുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി കത്തിച്ചു.