മധ്യവയസ്‌കന്‍ തീ കൊളുത്തി മരിച്ച സംഭവം : ശബരിമല പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്ന് പോലീസ്

0
271

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ബന്ധമില്ലെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. .
വ്യാഴാഴ്ച വെളുപ്പിന് 1.30 ഓട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്‍.ആര്‍.കെ യും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബിംഗ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് പോലീസ് വ്യക്തമാക്കി. light-8-Parcoജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.
മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസിന്റെ ശാസ്ത്രീയ അന്വേഷണ സംഘം, ഫോറന്‍സിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ഇക്കാര്യത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ 1561/2018 നമ്പരായി ഐപിസി 309 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

അതേസമയം ആത്മഹത്യ ചെയ്ത വേണുഗോപാല്‍ മജിസ്‌ട്രേറ്റിനോ ഡോക്ടര്‍ക്കോ മരണമൊഴി നല്‍കിയിട്ടില്ലെന്നാണ് സഹോദരന്‍ മണികണ്ഠന്‍ പറയുന്നത്. തന്നോടല്ലാതെ വേറെ ആരോടും ചേട്ടന്‍ സംസാരിച്ചിട്ടില്ലെന്നും മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.