നാദാപുരം: വ്യാപാരസ്ഥാപനത്തിലെ കക്കൂസ് മാലിന്യ പ്രശ്നത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്ച നാദാപുരം പഞ്ചായത്തില്‍
ഹര്‍ത്താലാചരിക്കും. ഹര്‍ത്താലിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.
കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തിനടുത്ത് ഓടയില്‍ തള്ളിയ കല്ലാച്ചി കൈരളി കോംപ്ലക്സിലെ ബേക്ക് ലാന്റ് ഫാസ്റ്റ് ഫുഡ് കട പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്നു ഞായറാഴ്ച രാവിലെ പൂട്ടിച്ചിരുന്നു. കടയിലെ കക്കൂസ് ടാങ്കില്‍ നിന്നുള്ള മാലിന്യം പുലര്‍ച്ചെ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്നു കല്ലാച്ചി വാണിയൂര്‍ റോഡിലെ അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് നടപടി കൈക്കൊണ്ടത്. പരിസരവാസികള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബേക്ക് ലാന്റ് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണെന്നു മനസിലായത്. സംഭവത്തെ തുടര്‍ന്ന് പോലീസും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രേമന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി കട അടപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കടക്ക് മുന്നില്‍ കൊടി നാട്ടുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇതിനിടയില്‍ ഓടയില്‍ തള്ളിയ മാലിന്യം മഴവെള്ളത്തോടൊപ്പം ഒഴുകി പരിസരങ്ങളില്‍ വ്യാപിക്കാതിരിക്കാന്‍ പ്രദേശവാസികള്‍ ഓടയില്‍ മണ്ണിട്ട് തടസം ഉണ്ടാക്കി. ഈ മാലിന്യം ഇവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പരിസര വാസികള്‍ വൈകുന്നേരം കല്ലാച്ചി വാണിയൂര്‍ റോഡ് ഉപരോധിക്കുകയുണ്ടായി. പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ മാലിന്യം നീക്കം ചെയ്യാമെന്നു പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ ഉറപ്പു നല്കിയതു പോലെ മാലിന്യം പൂര്‍ണമായി നീക്കം ചെയ്തില്ല. ഇതേ തുടര്‍ന്നാണ് ശക്തമായ നിലപാടുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത് വന്നതും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.