ഒവി തോട് മാലിന്യപ്രശ്നം: നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തി

0
255

വടകര: വര്‍ഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന ഒവി തോട് പ്രദേശവാസികള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വീട്ടമ്മമാര്‍ അണിനിരന്ന  സമരത്തില്‍ പ്രതിഷേധമിരമ്പി.
15 വര്‍ഷമായി നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിനജലമടക്കം ഒഴുകിയെത്തുന്നത് ഒവി തോടിലേക്കാണ്. കുഞ്ഞിരാമന്‍ വക്കീല്‍ പാലത്തിന്റെ പണി നടക്കുമ്പോള്‍ ബണ്ട് കെട്ടിയതിനാലാണ് ഒവി തോട്ടിലെ ഒഴുക്ക് നിലച്ചത്. ഇതോടെയാണ് മലിന ജലം കെട്ടിക്കിടന്ന് പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ തുടങ്ങിയത്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഒവി തോടിന് ഇരുകരകളിലുമായി താമസിക്കുന്നത്. നൂറോളം കുട്ടികള്‍ പഠിക്കുന്ന വെസ്റ്റ് ജെബി സ്‌കൂളൂം പ്രവര്‍ത്തിക്കുന്നു. കാലങ്ങളായുള്ള മാലിന്യപ്രശ്നത്തിന് പരിഹാരം തേടി നിരവധി ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസങ്ങള്‍ക്ക് പ്രശ്നത്തിന് പരിഹാരം കാണാന്‍ താലൂക്ക് വികസന സമിതി സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് കൗണ്‍സിലില്‍ നല്‍കണമെന്നായിരുന്നു തീരുമാനിച്ചത്. സമിതിയുടെ പഠനത്തില്‍ ഒവി തോട്ടിലേക്ക് നഗരത്തിലെ പല സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ ഒഴുക്ക് തടഞ്ഞാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി. എന്നാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ജനപ്രതിനിധികള്‍ സഹകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒവി തോട് light-8-Parco-1നിലനില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിധികളുടെ ഭാഗത്ത് നിന്നും ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
ജനപ്രതിനിധികള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒവി തോട്ടിലേക്ക് മാലിന്യം എത്തിച്ചേരുന്ന ഓടകള്‍ മണ്ണിട് മൂടുന്നതടക്കമുള്ള നടപടികള്‍ ചെയ്യുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ നഗരസഭ ഓഫിസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ നദീതട സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഒവി തോട് സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.വി.സഹദേവന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.പി.അബ്ദുള്ള, രാജലക്ഷ്മി, പി.സതീശന്‍, എന്‍.രാജരാജന്‍, ടി.രതീശന്‍, സി.രഞ്ജിത്ത്, കെ.എന്‍.ബിജു, പി.കെ.ഷീബ എന്നിവര്‍ പ്രസംഗിച്ചു.