ജ്വല്ലറി കവര്‍ച്ച: സിസിടിവി ദൃശ്യം പരിശോധനക്കെടുത്തു

0
364

നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി തുരന്ന് മുക്കാല്‍ കോടിയിലേറെ രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധനക്കെടുത്തു. കല്ലാച്ചി ടൗണിലേയും വളയം റോഡിലേയും സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ഭാഗം ചുമര്‍ തുരന്ന് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. ദിവസങ്ങളോളം ആസൂത്രണം ചെയ്താണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ജ്വല്ലറിക്കു സമീപത്തെ കെട്ടിടങ്ങളിലായി നിരവധി ഇതര സംസ്ഥാനതൊഴിലാളികളാണ് താമസിക്കുന്നത്. ഇവരില്‍ ചിലരെ ഇന്നലെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തി. ജ്വല്ലറിക്ക് സമീപത്തെ കെട്ടിടത്തില്‍ നിരവധി പേര്‍ താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ ആരും തന്നെ പുറത്ത് നടന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് പോലീസിന് മൊഴി നല്‍കിയത്. അതേ സമയം സമാന രീതിയില്‍ സംസ്ഥാനത്ത് നടന്ന ജ്വല്ലറി കവര്‍ച്ചയുമായി കല്ലാച്ചിയിലേതിന് സാമ്യമുണ്ടോ എന്ന കാര്യവും പരിശോധനയിലുണ്ടെന്ന് നാദാപുരം ഡിവൈഎസ്പി ഇ.സുനില്‍ കുമാര്‍ പറഞ്ഞു.

light-8-Parco-1