കര്‍ശന ഉപാധികളോടെ സുരേന്ദ്രനു ജാമ്യം

0
572

കൊച്ചി: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 21 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന സുരേന്ദ്രന് ഈ കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയും.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നുമുള്ള കര്‍ശന ഉപാധിയോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും സുരേന്ദ്രന്‍ നല്‍കണം. ഇതിന് പുറമേ പാസ്‌പോര്‍ട്ടും നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. നിരവധി കേസുകള്‍ സുരേന്ദ്രന്റെ പേരില്‍ ഉണ്ടെന്നും ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.
എന്നാല്‍ സുരേന്ദ്രന്‍ വധിക്കാന്‍ ശ്രമിച്ച യുവതിക്ക് കാര്യമായ പരിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ശബരിമലയിലെ പ്രശ്‌നം സര്‍ക്കാര്‍ ഉന്നയിച്ചത് പരിഗണിച്ചാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധി കോടതി ജാമ്യത്തിനായി വച്ചത്.

light-8-Parco-1